കഥ പറയും കക്കയവും കഥകള് പങ്ക് വെച്ച് ഞങ്ങളും

  ഒന്നാം കഥയില് നിന്ന് രണ്ടാം കഥയിലേക്ക് ഇത്രയും ദൂരം സത്യത്തില് ഉദ്ദേശിച്ചിരുന്നില്ല, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കൈയ്യില് വന്ന് ചേര്ന്ന മേഘാലയ് ടിക്കറ്റാണ് ഈ കണക്ക് പുസ്തകത്തിലെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചത്. ഒപ്പം എന്റെ അനുഭവങ്ങളുടെ ഗന്ധമില്ലാത്ത ഒരു വാക്കിനെ പോലും ഈ പേജിന്റെ പടിവാതില്ക്കല് കയറ്റില്ലെന്ന വാശിയും കൂടെ ചേര്ന്നപ്പോള്  വൈകല് പൂര്ണ്ണം. എന്നാലിനി ഒട്ടും വൈകണ്ട കക്കയം പറയാന് ബാക്കി വച്ച ആ കഥയെന്താന്ന് നോക്കാം, വാ....

രണ്ടാം കഥ: ചിലരുടെ വരവും മറ്റ് ചിലരുടെ മടക്കവും.


    പിറ്റേന്ന് സൂര്യനും മുന്നേ എഴുന്നേല്ക്കണം.എങ്കിലേ അവിടുന്ന് കോഴിക്കോട് പുതിയ സ്റ്റാന്റിലേക്കുളള ഫസ്റ്റ് ബസ്സ് കിട്ടു. അത് നഷ്ടപ്പെടുത്താൻ ഞങ്ങൾക്ക് നിർവാഹമില്ല, പിന്നെ അങ്ങോട്ട് ഒരോ ബസ്സായി നഷ്ടപ്പെടും.കെ എസ് ആർ ടി സി ശരണം ഗച്ഛാമി, ജീപ്പ് ശരണം ഗച്ഛാമി എന്ന വേദവാക്യത്തിൽ നീങ്ങുന്ന ഞങ്ങളുടെ സഞ്ചാരത്തിന് യാതൊരുവിധ ഭംഗവും വന്ന് കൂടല്ലോ... പക്ഷേ ഒരു ചെറിയ ഭംഗം വന്നു.

    നേരത്തെ പറഞ്ഞ ഈ ആറു പേരും അവരുടെ യാത്രാ മോഹങ്ങളും ഉണ്ടായത് ക്ലാസ് കട്ട് ചെയ്തും, വീട്ടിൽ കള്ളം പറഞ്ഞും നടത്തിയ വീരസാഹസിക പര്യവേക്ഷണങ്ങളിലൂടെയാണ് കേട്ടോ... വിവിധങ്ങളായ ആശയങ്ങളും  അഭിപ്രായങ്ങളും പങ്കുവെക്കുന്ന ഞങ്ങൾ  "ഊരുചുറ്റൽ" എന്ന ഒരൊറ്റ കാര്യത്തിൽ ഒരേ മനസ്സോടെ ഒന്നിച്ചിരുന്നു എന്നതാണ് വാസ്തവം. വീണ്ടും ഒരു യാത്ര എന്ന് കേട്ടപ്പോൾ ഒരു പിടി പുത്തന് അനുഭവങ്ങളെ കൂടെ കൂട്ടാം എന്ന ചിന്തയാണ് ഞങ്ങളെ ഹരം പിടിപ്പിച്ചത്.  എന്നാൽ കൂട്ടത്തിലെ ആറാമന്  ഞങ്ങളുടെ കൂടെ കൂടാൻ പറ്റിയില്ല. ഇപ്പോഴും കേൾക്കാം കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറങ്ങി തിരികെ അവളെ നോക്കിയപ്പോൾ അഞ്ചു ചങ്കുകൾ ഒന്നിച്ചു പിടച്ചത്. ആറാമന്റെ കണ്ണ് ബസ്സിലെ ജനാലക്കപ്പുറത്തിരുന്ന് കലങ്ങിയതും തന്റെ പതിവ് ചിരി കൊണ്ട് അതിനെ ദഹിപ്പിച്ച ആ നോട്ടവും. തീരുമാനം മുന്നേ എടുത്തതായിരുന്നതുകൊണ്ട് ഒന്നും ആർക്കുവേണ്ടിയും മാറ്റേണ്ട എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അങ്ങനെ അവള് മടങ്ങി...

      ബ്രേക്ക്ഫാസ്റ്റ് തൊട്ട് തുടങ്ങണം പിശുക്കാൻ, എന്നാലേ തിരിച്ച് നാട്ടിലേക്ക് വണ്ടി കയറാൻ കീശയിൽ വല്ലതും മിച്ചം കാണു. അതുകൊണ്ട് ഒരു പാക്കറ്റ് bread വാങ്ങി നേരെ ഓടി കെഎസ്ആർടിസി  ബസ്സ്കള്ക്കിടയിലേക്ക്. കക്കയത്തേക്കുള്ള ഡയറക്റ്റ് ബസ് 6മണിക്ക് പോയെന്നു പറഞ്ഞപ്പോൾ എല്ലാം കൈവിട്ടു പോവുകയാണെന്ന് തോന്നി പേടിച്ചു. പക്ഷേ എന്നത്തേയും പോലെ  അന്നും കെഎസ്ആർടിസിയിലെ പേരറിയാത്ത കുറേ ചേട്ടന്മാര് മറ്റൊരു മാർഗ്ഗം കാണിച്ചു തന്നു. 6:40ന് എടുക്കുന്ന വയലട  ബസ്സിൽ കയറിയാല്  ബാലുശ്ശേരി ഇറങ്ങാം എന്നും അവിടുന്ന് തലയാട് ബസിനു പോയി ജീപ്പ് പിടിച്ച് തോണിക്കടവും കക്കയവും കറങ്ങി തിരിച്ചും വരാം.ഇത്രയും കേട്ടതും യൂണിവേഴ്സിന് ഒരു വലിയ താങ്ക്സും പറഞ്ഞ് കാലി വയറും പ്രതീക്ഷകൾ നിറഞ്ഞ മനസ്സുമായി ബസ്സിൽ കയറി സീറ്റ് പിടിച്ചു. എല്ലാ ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് ബെൽ മുഴങ്ങി. ഫസ്റ്റ് ട്രിപ്പ് ആണെന്ന് തോന്നുന്നു steering തൊട്ട് തലയിൽ വച്ച ഒരു ചെറുപുഞ്ചിരിയോടെ ഡ്രൈവർ ചേട്ടൻ ബസ് എടുത്തു.

       ബസ് മാനാഞ്ചിറ സ്ക്വയർ പ്രദക്ഷിണംവച്ച് തീരുമ്പോഴേക്കും മാതാവ് ഉണർന്ന് ഫോണിൽ അന്വേഷണവുമായി എത്തിയിരുന്നു.(എൻറെ എല്ലാ തല്ല് കൊള്ളിത്തരങ്ങളുടെയും ഏക ദൃക്സാക്ഷിയും സപ്പോർട്ടും ആണ് കക്ഷി. പക്ഷേ ആ വാത്സല്യം പോലെ തന്നെയാണ് അമ്മയുടെ ആധിയും,അതിന്റെ അതിര് ഇന്ന് വരെ എനിക്ക് അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല). സാമൂതിരിയുടെ നാടിൻറെ പുലർകാല ഭംഗി ആസ്വദിച്ചു കഴിയുമ്പോഴേക്കും ബാലുശ്ശേരി എത്തി. അവിടുന്ന് നേരെ തലയാട് ബസ്സില് കേറി. പിന്നീടങ്ങോട്ട് വയനാടൻ മലനിരകൾ തലപൊക്കിത്തുടങ്ങി. കണ്ണ് തുറന്ന് നോക്കുമ്പോളോ, ഇളംനീല കുടയും ചൂടി കോടമഞ്ഞിൻ്റെ പുതപ്പിനുള്ളിൽ ഇരുന്ന് എന്നെ നോക്കി അഹങ്കാരത്തോടെ ചിരിക്കുകയാണ് എല്ലാം... എന്നാൽ എങ്ങനെ നിങ്ങളെ കാണാൻ വരുമെന്ന ശങ്കയിലായിരുന്നു ഞാൻ. ഇതു കണ്ട ഡ്രൈവർ ചേട്ടൻ തുരുതരാ നടത്തിയ ഫോൺകോളുകളിൽ ഒന്ന് ഫലംകണ്ടു.കക്കയം കറങ്ങാനുള്ള വണ്ടി റെഡി മക്കളേ എന്ന മറുപടിയാണ് പിന്നെ കേട്ടത്. കണ്ടില്ലേ... അപ്രതീക്ഷിതമായുള്ള ആ സഹായത്തിന്റെ വരവ്. പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും നന്ദി പറച്ചിലുകളുടെതായിരുന്നു. സ്റ്റോപ്പിലെത്തുമ്പോഴേക്കും ജീപ്പുമായി കാത്തിരുന്ന ചേട്ടനും, ചാർജ് 1200 ൽ നിന്നും 1000ത്തിലേക്കെത്തിക്കാൻ കൂടെ നിന്ന നാട്ടുകാർക്കും, ഞങ്ങടെ bread നൊപ്പം ചായ പകർന്ന നൽകിയ ചായചേട്ടനും എല്ലാം...

        തോണിക്കടവ് ആയിരുന്നു ആദ്യത്തെ ലക്ഷ്യം. വെള്ളാരങ്കല്ലുകൾ നിറഞ്ഞ പുഴയും അതിന്റെ കാവൽക്കാരായ വയനാടൻ മലനിരകളും കണ്ണ് നിറയെ കാണണം. ജീപ്പിറങ്ങി ആവേശത്തോടെ പുഴക്കരയിലേക്ക് കുതിച്ചു. അവിടെത്തിയപ്പോൾ ആദ്യം ഓർമ്മ വന്നത് അടിയന്തരാവസ്ഥ കാലത്ത് ആ മലമടക്കുകൾക്കിടയിൽ താഴ് വാരങ്ങളിലെങ്ങോ വച്ച് അടിച്ചമർത്തപ്പെട്ട വിപ്ലവ ശബ്ദങ്ങളാണ്. ഈ കാണുന്ന പച്ചപ്പിനിടയിൽ തെറിച്ചുവീണ ചോര തുള്ളികൾ ഓർത്ത് വെറുതേ അന്തിച്ചു നിന്നു. പെട്ടെന്നാണ്  ആ താഴ്വാരത്തിന്റെ മുഖഭാവം മാറിമറിഞ്ഞത്. പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുട്ടി  അപകടത്തിൽപ്പെട്ടു . അവനെ രക്ഷിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. ഒട്ടും പ്രതീക്ഷിക്കാതെ കാണേണ്ടി വന്ന അപകടത്തിൽ ഞങ്ങളെല്ലാവരും വല്ലാതെ പേടിച്ചു പോയി. അതുകൊണ്ട് വളരെ ശ്രദ്ധയോടെ ആയിരുന്നു അക്കരക്ക് ഞങ്ങള് നടന്നത്. പുഴയ്ക്കു നടുവിലായിലുള്ള ചെറിയ മൺതിട്ടയിൽ ഇലകളെല്ലാം പൊഴിഞ്ഞ ഒരു മരം നിൽപ്പുണ്ടായിരുന്നു (google mapലെ heart island) . അവിടിരുന്നാല് മുന്നോട്ടൊഴുകുന്ന പുഴയുടെ ശക്തി കാണാം, നിശബ്ദതയുടെ സൌന്ദര്യമുള്ള താഴ് വാരം കാണാം, മൂന്ന് വശങ്ങളിലും ഉയരെ നില്ക്കും മലകളും തിങ്ങിനില്ക്കും മരങ്ങളും കാണാം... നല്ല തണുപ്പുള്ള തെളിഞ്ഞ ആ വെള്ളത്തില് മുഖം കഴുകിയപ്പോള് കിട്ടിയ സുഖം...ഒപ്പം ഞങ്ങടെ photography skills ഏറെക്കുറെ പുറത്തെടുത്തു.ഇടക്കിടെ അതിനടുത്തായി താമസിക്കുന്ന ഗ്രാമവാസികൾ അവിടെ വരികയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് പിന്നീട് ഞങ്ങൾ ഒന്നും കേട്ടില്ല.

   കക്കയം ഡാമിലേക്ക് വണ്ടി തിരിച്ചു.മലകൾക്കിടയിലൂടെ ചരിഞ്ഞും വളഞ്ഞും പോയ ഡാമിലേക്കുള്ള വഴിയില്  ഇടയ്ക്ക് വച്ച് വണ്ടി നിർത്തി റോഡ് സൈഡിലിരുന്ന് കാലിനടിയിൽ അടുക്കി വച്ച ആ കുഞ്ഞൻ മലനിരകളെയും പരന്ന് കിടക്കും നാടിനെയും കോട ഒളിപ്പിച്ച് പിടിക്കുന്നത് കണ്ടാസ്വദിച്ചു. പ്രിയപ്പെട്ട travel Play list തീരാറയപ്പോഴേക്കും ജീപ്പ് ഡാമിനടുത്തെത്തിയിരുന്നു. entry Pass എടുത്ത് ഡാമിലേക്ക് നടക്കാനിറങ്ങി. താറിട്ട റോഡിലൂടെ എത്ര ദൂരം വേണേലും നടക്കാം. വില കൂടിയ ബോട്ടിംഗിനോട് no പറഞ്ഞ് ഡാമും ചുറ്റുമുള്ള കാടും എവിടെ നിന്ന് നോക്കിയാലും കാണാവുന്ന മലമുകളും കണ്ട് പതിയെ നടന്നു. ഇടക്കിടെ തകർപ്പൻ ക്ലിക്ക് സ് എടുക്കാൻ മറന്നില്ല കെട്ടോ... ബ്ലോഗിന്റെ കവർ പേജ് ഫോട്ടോ ഈ വഴിയിലെവിടെയോ വച്ച് മരക്കൂട്ടങ്ങൾക്കിടയിലെ സൂര്യനെ നോക്കിയപ്പോൾ കിട്ടിയതാണ് . DSLR ആയി പിന്നെ താരം. ചിലയിടത്ത് ഇരുന്നും കുരങ്ങന്മാർക്ക് പിറകേ ഓടിയും പൂവും ഇലയും പറിച്ച് കീശയിലിട്ടും നടക്കുന്നതിനിടെ കാലിന് ഇടയിലെവിടോക്കോ ഒരു എരിച്ചിൽ. നോക്കണ്ട സംഗതി അതന്നെ "അട്ട". 

കക്കയം നടത്തത്തിനിടയിൽ അട്ടകടി കൊള്ളാതിരിക്കാനുള്ള
ഏക മാർഗ്ഗം

            മഴ പെയ്തതല്ലേ അട്ട ഉണ്ടാകും എന്ന് forestകാര് പറഞ്ഞപ്പോൾ അലസമായി തലയാട്ടിയതിനെ ഞാൻ അപ്പോൾ ശപിച്ചു. അവിടവിടായി ചോര പൊടിഞ്ഞ് തുടങ്ങി. പിന്നെ നല്ല വേഗം കിട്ടി നടത്തത്തിന് .ഒടുവിലത്തെ പോയിന്റായ  ഉരക്കുഴി വെള്ളച്ചാട്ടം ദാ ന്ന് പറയുമ്പോഴേക്ക് കൺമുന്നിൽ. അട്ടകളുടെ ക്രൂര പീഢനങ്ങൾക്കൊടുവിൽ ഞങ്ങൾ അവിടങ്ങിരുന്നു പോയെന്ന് പറയുന്നതാകും ശരി. വലിയ ഉരുളന് കല്ലുകളിൽ തട്ടി ഛിന്നഭിന്നമാകുന്ന വെള്ളത്തിന്റെ ശബ്ദം മാത്രം മതി ഇന്നും ഓർക്കമ്പോൾ കണ്ണിൻ മുന്നിൽ ആ ചിത്രം തെളിഞ്ഞു വരും. അതിന്റെ ആഴമോ, മുകളിൽ നിന്ന് നോക്കുന്നവന്റെ കണ്ണു തള്ളുംവിധമായിരുന്നു.

      വിശപ്പിന്റെ വിളിയുടെ കാഠിന്യം കൊണ്ടാവാം തിരിച്ച് നടത്തത്തിൽ no ക്ഷീണം no താമസം. ഏതാണ്ട് 4 Km നടന്ന കാലുകൾ മടി പിടിച്ച് ജീപ്പിലിരുന്നു. മടങ്ങുമ്പോഴും ആദ്യം ചോദിച്ചത് ആ പയ്യനെ കുറിച്ചായിരുന്നു. ഒന്നുമറിയില്ലാ എന്ന് ഡ്രൈവർ പറഞ്ഞപ്പോഴും ആശിച്ചത് അവൻ OK ആയിരിക്കണേ എന്നാണ്. എന്നാൽ അവൻ നേരത്തേ ഈ ലോകത്തൂന്ന് മടങ്ങി എന്ന് hotel ൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ കേട്ടു. കുറച്ചു നേരത്തേക്ക് അതൊരു വിഷമമായി മനസ്സിൽ കിടന്നു. പിന്നെ പതിയെ ഞങ്ങളും മടങ്ങി.കക്കയത്തോടും അവിടം പറഞ്ഞ് തന്ന കഥകളോടും യാത്ര പറഞ്ഞ്. യാത്രകളുടെ ഭാഗമാണ് വരവുകളും മടക്കങ്ങളും.എന്നാൽ വരവുകളെപ്പോലെ സന്തോഷം തരുന്നതാകട്ടെ മടക്കങ്ങളും... ഒരു യാത്രയും ആരുടെയും എന്നന്നേക്കുമുള്ള മടക്കങ്ങളാകാതിരിക്കട്ടെ...

Comments

Post a Comment

Popular posts from this blog