കുത്തിക്കുറിക്കലുകൾ
ഉറപ്പ്
Where do you see yourself in 10 years?
പടുകൂറ്റൻ കെട്ടിടങ്ങളിൽ ഞാൻ എന്നെ കാണുന്നില്ല. തിരക്കുള്ള വീഥികളിൽ അതിനേക്കാൾ ഏറെ തിരക്കിൽ സ്വയം മറന്നു കൊണ്ട് എന്തിനോ വേണ്ടി പായുന്ന ഒരാളായും ഞാൻ എന്നെ കാണുന്നില്ല. ഒരുപക്ഷേ ഞാൻ ആഴ്ചയിൽ ഒരു തവണ ഒരു നല്ല സിനിമ കാണാൻ തിരക്കു പിടിച്ച തിയേറ്ററിൽ പോയി എന്ന് വരാം. ആദായ വില്പനയുള്ള ഒരു കടയിൽ നിന്നും പച്ചക്കറികളോ മറ്റു സാധനങ്ങളോ വാങ്ങാൻ പോയി എന്നും വരാം. ഞാൻ പറയുന്ന തിരക്ക് ഇതൊന്നുമല്ല, വളർച്ചയുടെ ഓരോ ഘട്ടത്തിലും ഏതൊരു വ്യക്തിയെയും പോലെ എന്നിലും സമൂഹം കൽപ്പിച്ച് തന്ന കുറച്ച് അനാവശ്യ തിരക്കുകളിൽ നിന്നും എന്നെ തിരികെ കൊണ്ടുവരാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. ആ ശ്രമം വിജയിക്കുകയാണെങ്കിൽആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരിക്കും...
ഞാൻ ഒട്ടും തിരക്കിൽ അല്ല ഇപ്പോൾ. എൻറെ കുഞ്ഞു മൺ വീടിന്റെ മുറ്റത്തെ കുറുകി, കുണുങ്ങി ചിരിക്കുന്ന കുറ്റ്യാട്ടൂർ മാവുകളുടെ തണലിൽ പഴുത്ത മാങ്ങകൾ പെറുക്കി അതും കഴിച്ചു കൊണ്ട് മുകുന്ദനെയോ മാധവിക്കുട്ടിയോ വായിച്ചും, എൻറെ ബ്ലാക്കിയുടെ ചെറു വാലാട്ടിക്കൊണ്ടുള്ള കുസൃതി ചിരികൾ ആസ്വദിച്ചും, അന്ന് വരെയുള്ള ലോക പരിചയത്തിന്മേൽ ഞാൻ കൈവരിച്ചിട്ടുള്ള എളിയ അറിവുകൾ വച്ചുകൊണ്ട് അപ്പോഴും ഒടുങ്ങിയിട്ടില്ലാത്ത എൻറെ കൗതുകങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ഇറയത്തിരുന്ന് എന്റെ ഈ കോപ്രായങ്ങളത്രയും ആസ്വദിച്ച് ഭൂമിക്ക് കീഴിലുള്ള ഏതെങ്കിലും ഒരു വിഷയത്തിൽ നിർത്താതെ എന്നോട് സംസാരിക്കുന്ന എൻറെ പങ്കാളിയോട് പെരിഞ്ഞ സംവാദത്തിൽ ഏർപ്പെട്ടിരിക്കുകയായിരിക്കും...
ഒഴിവ് വേളകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലേക്ക്, അല്ലെങ്കിൽ മനുഷ്യരിലേക്ക് ഒഴുകിപ്പോയെന്നിരിക്കാം... സൂര്യോദയങ്ങളും സൂര്യാസ്തമനങ്ങളും മാറിമാറി കണ്ടും,തന്നോളം പോരാത്ത നക്ഷത്രങ്ങളുടെ,അവരോടി കളിക്കുന്ന നടുമുറ്റത്തിന്റെ മാസ്മരികതയിൽ മയങ്ങി പോയി രാവെല്ലാം മിഴി പൂട്ടാതിരുന്നിരിക്കാം...
ഒന്നുറപ്പാണ്.
അന്നും ഞാൻ ചിരിക്കും ഉള്ളു തുറന്നു...
അന്നും ഞാൻ സ്വപ്നം കാണും കണ്ണു തുറന്ന്...
അന്നും ഞാൻ എന്നിലെ മനുഷ്യനെ മനുഷ്യനായി തന്നെ സൂക്ഷിക്കുന്നതായിരിക്കും..
ഉറപ്പ് ...
Comments
Post a Comment