ബാല്യത്തിലേക്കൊരു ടിക്കറ്റ്
എല്ലാരും ചോദിക്കാറുണ്ട്. "അതെയ്, ഈ യാത്ര worth ആയിരുന്നോ"ന്ന്. ഭാഗ്യം കൊണ്ട് എനിക്കതിന് ഒരിക്കലും മറുപടി പറയാനാകാറില്ല . അത് ശരിക്കുമൊരു ഭാഗ്യം തന്നെയാണ് ട്ടാ. കാരണം നമ്മിലേക്ക് വന്നു ചേരുന്ന എല്ലാ നന്മകളേയും അളവുകോൽ വച്ച് തൂക്കി നോക്കാതെ സ്വീകരിക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല. നല്ല ചിരി തന്ന ഒരാൾ മതി, ദാഹിച്ചപ്പോൾ വെള്ളം തന്ന, വീണപ്പോൾ കൈ പിടിച്ച, ഇരിക്കാൻ സീറ്റ് തന്ന, ആ ഒരാൾ മതി എൻ്റെ ഒരു യാത്ര എന്നേക്കും പ്രിയപ്പെട്ടതാവാൻ. കഴിഞ്ഞ കൊല്ലം ഇങ്ങനൊര്ചിരി എനിക്ക് കിട്ടി. അങ്ങ് ഇടുക്കീന്ന്. വീട്ട് കാര്ടേം നാട്ട് കാര്ടേം കണ്ണ് വെട്ടിച്ച് ഇടുക്കിക്ക് വണ്ടി കേറിയപ്പോ സ്വപ്നത്തിൽ വിചാരിച്ചില്ല ഇന്നിങ്ങനെ ചിരിച്ച് കൊണ്ട് പറയാൻ ഇത്രേം അടിപൊളി കഥ കിട്ടുമെന്ന്.
ഇടുക്കി നടത്തത്തിൻ്റെ അന്ത്യയാമങ്ങളിൽ നടന്ന "പിറ്റേന്നത്തെ sunrise കോട്ടപാറയിൽ നിന്ന് കാണണോ അതോ കാൽവരി മൗണ്ടിൽ നിന്ന് വേണോ" എന്ന കൂലംകശമായ ചർച്ചയിൽ ഏകപക്ഷീയമായി കാൽവരി മൗണ്ട് വിജയിച്ചപ്പോൾ കുറച്ചൊന്നുമല്ല എനിക്ക് വെഷമായത്. ആ വെഷമത്തിന് മണിക്കൂറുകളെ ആയുസ്സുണ്ടായിരുന്നുള്ളൂ എന്നറിഞ്ഞത് ഏഴുദിവസത്തെ ലഗേജും തോളിൽ ചുമന്ന് ഏന്തി വലിഞ്ഞെത്തിയപ്പോൾ കിട്ടിയ കോടേടെ കുളിരും, ജീവിതത്തിലെ മനോഹര സൂര്യാദയങ്ങളിലൊന്നും കണ്ണ് നിറച്ചപ്പോഴായിരുന്നു. അങ്ങനെ അങ്ങ് തീർന്നൂന്ന് കരുതി ഇടുക്കി കഥകൾക്ക് ഫുൾ സ്റ്റോപ്പ് ഇടാൻ പോകുമ്പോഴാണ് നമ്മള യൂണിവേഴ്സ് ചാക്കോച്ചൻ്റെ രൂപത്തിൽ വന്ന് കൈ പിടിച്ച് വച്ചതും പറയുന്തോറും നിറയുന്ന ഒരു കഥ കൂടെ തന്നതും.
കാൽ വെരി മൗണ്ടിലെ മൊത്തം കോടയും കൊണ്ട്, വിറച്ച് ബസിൽ കേറി 87 രൂപയ്ക്ക് ടിക്കറ്റെടുത്തത് ഏറണാകുളത്തേക്കായിരുന്നു. പക്ഷേ ആ രണ്ടര മണിക്കൂർ കൊണ്ട് ഞാൻ പോയി വന്നത് എവിടെയോ കളഞ്ഞുപോയെന്ന് കരുതിയിരുന്ന എൻ്റെ ബാല്യത്തിലേക്കായിരുന്നു. അച്ഛാച്ഛൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് പണ്ട് നിർത്തിയേടത്തു നിന്ന് ആ അഞ്ച് വയസ്സ്കാരി വീണ്ടും നടന്നു തുടങ്ങി.
ബസ്സിൽ സീറ്റിന് വേണ്ടി പരതിയപ്പോൾ വെറുതേ തോന്നിയതാണ് അവിടെ കണ്ട അപ്പാപ്പൻ്റെ കൂടെ ഇരുന്നേക്കാമെന്ന്. തലയുടെ നരയേറുന്തോറും കഥകളുടെ ഭാണ്ഡങ്ങൾക്ക് ഭാരവുമേറുമല്ലോന്ന് കരുതി. കൊടുത്തത് വെറുമൊരു ചിരി മാത്രമായിരുന്നു. തിരികെ തന്നത് ഓർമ്മകൾക്ക് താങ്ങാനാകുന്നതിലധികം കഥകളും.
കട്ടപ്പനക്കാരൻ ചാക്കോച്ചൻ തൃശ്ശൂർ ധ്യാനം കൂടാൻ പോകുവാണ്. കുടെയുള്ള രണ്ട് ഫ്രണ്ട്സ് മൂന്നാറീന്ന് കോതമംഗലം എത്തും. കൈയ്യിലൊരു ചെറിയ ബാഗും വായിൽ നാല് പല്ലും മനസ്സ് നിറയെ വാത്സല്യവും ഉള്ള എഴു പത്കാരൻ. എത്ര ക്രിസ്തുമസ് കൂടി എന്ന് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമായിരുന്ന് "എനിക്ക് വയസ്സ് എഴുപതായീട്ടാന്ന് ". അങ്ങിനെ ഊഹിച്ചതാണ് പ്രായം.
ഞാൻ അപ്പാപ്പാന്ന് വിളിച്ചോളാന്ന് പറഞ്ഞപ്പോ ഒരു കുലുങ്ങി ചിരിയും. ഒരായുസ്സിൻ്റെ ഓർമ്മകളെല്ലാം ഒന്നായ പോലെ ഒരോ ചിരിയിലും കവിളിൽ ചുളിവുകൾ മേൽക്കുമേൽ വന്ന് വീണ് കൊണ്ടിരുന്നു. അഞ്ചാമത്തെ വയസ്സിൽ ചുരം കേറി കട്ടപ്പനക്കാരനായതാണ് കക്ഷി. ഇടുക്കി ഡാമെന്ന അത്ഭുതത്തിൻ്റെ ജനനം തൊട്ട് ഇക്കഴിഞ്ഞ പേമാരിയിൽ നാടിൻ്റെ പതനം വരെ എല്ലാം നേരിട്ട് കണ്ട ആ കണ്ണുകളോട് സത്യത്തിൽ എനിക്ക് അസൂയയാണ് തോന്നിയേ.
" ഞാൻ ചെറുക്കനായിരുന്ന കാലത്താണ് ഡാമിൻ്റെ പണി നടക്കുന്നേ. ബ്രിട്ടീഷ്കാർ... എന്നാ മിടുക്കാന്നോ?. പാറ പൊട്ടിച്ച പൊടിയെടുത്താണത് കെട്ടിയേക്കുന്നേ, ഐസില്ലേ.. ഐസ്...ആ അത് ഉരുകിയ വെള്ളാണ് പണിക്കെടുത്തത്. കലർപ്പില്ലാതെ കിട്ടാൻ.ആ രണ്ട് മലയില്ലേ. കുറവൻ മലയും കുറത്തി മലയും. അതിൻ്റെ ഏറ്റം താഴെ ഒരു കട്ടിലിടാനുള്ള സ്ഥലമുള്ളൂ. എന്തോരം കഷ്ടപ്പെട്ടാന്നോ ആ വെള്ളം മുഴുവൻ തടുത്ത് വച്ച് അവര്ത് കെട്ടി പൊക്കിയേ..."
പറഞ്ഞ് തീർന്നില്ല, അപ്പോഴേക്കും ബസ് ഡാമിൻ്റെ പിൻഗേറ്റിനടുത്തെത്തിയിരുന്നു.
"ഏറ്റ് നിക്ക്, ദാ ഏറ്റ് നിന്ന് നോക്ക്. ഇതാണ് പെരിയാർ, ഇക്കൊല്ലത്തെ വെള്ളപൊക്കത്തിൽ ഇവിടൊക്കെ ഒരെറുമ്പിനെപ്പോലും ബാക്കി വെക്കാതെ എല്ലാം കൊണ്ട് പോയതാണ്." ചെറുതോണി പാലവും, പെരിയാറിനൊപ്പം അന്നൊഴുകാൻ മടിച്ച ഒരൽപം ഭൂമിയും മാത്രമേ അവിടെ കണ്ടുള്ളൂ. പിന്നെ ചാക്കോച്ചൻ്റെ കണ്ണിൻ്റെ പരക്കം പാച്ചിലും. കുറച്ച് നേരം ഞങ്ങൾക്കൊന്നും മിണ്ടാനുണ്ടായിരുന്നില്ല.
ആ മൗനം മുറിക്കേണ്ടതുകൊണ്ട് ചെറുതോണി ജംഗ്ഷനെത്തിയപ്പോൾ ഞാൻ പറഞ്ഞു. " ദേ ഈ ജംഗ്ഷനിന്ന് വലത്തേക്കുള്ള റോഡിലാണ് ഞങ്ങൾ താമസിച്ച ഹോസ്റ്റൽ. അവിടുത്തെ സിസ്റ്റർമാർക്കൊക്കെ നല്ല കാര്യായിരുന്നു."
ചെറുതോണി ജംഗ്ഷനും കഴിഞ്ഞ് ബസ്സ് ഞങ്ങളേം കൊണ്ട് വിട്ടു.
ഓരോ വളവ് ഇറങ്ങുന്തോറും ഉത്സവത്തിന് ചെണ്ടമേളം കൊട്ടി കേറും പോലെ കഥകൾ മനസ്സിനെം ശരീരത്തെയും കോൺമൈർ കൊള്ളിച്ച് മൂർധന്യ താളത്തിലേക്ക് കേറിക്കൊണ്ടിരുന്നു.

ലോവർ പെരിയാർ ഡാമിനേം, മഴക്കാലം കഴിഞ്ഞെന്നും പറഞ്ഞ് മഞ്ഞപ്പുല്ലു കേറി തുടങ്ങിയ മലകളെയും, ഞെങ്ങി ഞെരുങ്ങി ഒഴുകുന്ന പെരിയാറിനേം ഞങ്ങൾ മാറി മാറി നോക്കി കൊണ്ടിരുന്നു. സ്കൂളീന്ന് ആദ്യായി വിനോദയാത്രക്ക് പോയ പിള്ളേരെ പോലെ സീറ്റിൻ്റെ മുന്നിലോട്ട് കയറി ഇരുന്ന് ബസ്സിൻ്റെ കമ്പിയിൽ കൈ മുറുകെ പിടിച്ച്, തല ചായ്ച്ച്...
പണ്ട് കൊട്ടിയൂർ പോകുമ്പോളാണ് ഞാനിതേ പോലെ അച്ചാച്ചൻ്റെ മടിയിലിരുന്ന് കാടും മലകളും എണ്ണിയെണ്ണി കണ്ടത്. അന്നത്തെ ആ കൗതുകം നിറഞ്ഞ കണ്ണുകൾ എങ്ങും പോയിട്ടില്ലാന്ന് എനിക്ക് മനസ്സിലായി.
അത്രയും രസത്തോടെ ഞാനടുത്തൊന്നും ഒരു കഥാകാരനേം ഇരുത്തി പൊറുപ്പിച്ചുട്ടുമില്ല. അതും മൂന്ന് മണിക്കൂർ... വർത്താനത്തിൻ്റെ നീളം എത്ര കൂടിയിട്ടും ഓർമ്മകൾക്ക് ഒരു പഞ്ഞവുമില്ല. എല്ലാം കാച്ചി കുറുക്കിയെടുത്ത പോലെ. കൃത്യം. വ്യക്തം.
വേളാങ്കണ്ണിയിലെ തിരകളായും മലയാറ്റൂറിലെ മലകളായും, വല്ലാർപാടത്തമ്മേടെ അനുഗ്രഹമായും അത് മിന്നി മറഞ്ഞ് പോയി.
" വേളാങ്കണ്ണിയിൽ ഞാനെടക്ക് പോകും. വെള്ളിയാഴ്ച്ച രാവിലെ ഇവിടുന്ന് വിട്ടാൽ ഞായറാഴ്ച കുർബാനേം കൂടി ഇങ്ങ് വരാം."
ഒട്ടും പ്രതിക്ഷിക്കാത്ത നേരത്ത് കള്ള ചിരിയിൽ പൊതിഞ്ഞ ഒരു ഡയലോഗും." ഇതിപ്പോ പെണ്ണ്ങ്ങടെ സീറ്റാണ്. പക്ഷേ എനിക്കെവിടെ പോണേലും സൈഡ് സീറ്റ് തന്നെ വേണം. ഞാനിവിടേ ഇരിക്കത്തൊള്ള്.
വയസ്സനായോണ്ട് എന്നെയാരും പിടിച്ചെഴുന്നേൽപ്പിക്കില്ലല്ലോ."
"ഹെൻ്റെ അപ്പാപ്പോ... ഇത്രയും കാലം എവിടാര്ന്നു?."( പറഞ്ഞില്ല. പക്ഷേ ഓർത്തു.)
കഴിഞ്ഞ പ്രളയം ബാക്കി വെച്ചിട്ടുപോയ റോഡുകളെല്ലാം മരാമത്തു കാര്ടെ അക്ഷീണ പ്രയത്നം കാരണം അതേപടി നിലനിർത്തിയതുകൊണ്ട് ബസ്സിന് കുലുക്ക മൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. എന്നിട്ടും കഥാകാരൻ തെല്ലും കുലുങ്ങിയില്ല.
"നീ വാഗമൺ പോയിട്ടുണ്ടോ". "ഇല്ല." "എന്നാൽ പോകണംട്ടാ. അതിങ്ങനൊന്നുവല്ല. ബസ്സിൽ പോവുമ്പോ താഴേക്ക് നോക്കാൻ തന്നെ പേടിയായിപ്പോകും. എന്നാ താഴ്ചയാന്നോ? ചുറ്റും നോക്കിയാൽ പച്ച നെറത്തിൽ മുട്ട, മുട്ട, മുട്ട പോലെ മലകളാന്ന്. ഓ അത് കാണണ്ട കാഴ്ചയാണ്. നീ എന്തായാലും പോകണംട്ടാ..."
ബസ്സ് പനങ്കുട്ടി പവർ സ്റ്റേഷൻ കഴിഞ്ഞപ്പോൾ എൻ്റെ ഇടത് വശത്ത്ന്ന് ഒരു ചോദ്യം.
"അപ്പാപ്പനു മോളും കൂടെ എങ്ങോട്ട് പോവ്വാ?" അതുവരെ വലത്തോട്ട് നോക്കി ക്ഷീണിച്ച എൻ്റെ കഴുത്തിനെ പയ്യെ വലിച്ചെടുത്ത് "ഇതാരപ്പാ " എന്ന മട്ടിൽ ഞാൻ അങ്ങോട്ട് നോക്കി. എന്നിട്ട് പുതിയ പരിചയക്കാരിക്ക് ഒരു ഫ്രഷ്ര് ചിരിയും കൊടുത്ത് പറഞ്ഞു. "ഞങ്ങൾ രണ്ടാളും രണ്ടിടത്തേക്കാണ് ട്ടാ. ഇപ്പോ ബസ്സിൽന്ന് കണ്ടതാ."(ലേശം ചമ്മൽ തോന്നി. ഇത്രയ്ക്ക വെറുപ്പീരായോ ഞങ്ങള് എന്നായിരുന്നു പേടി.)
ആ ചോദ്യത്തിലൂടെ സിസ്റ്റർ സ്മിതറോയ് ഞങ്ങട ടീമിൽ കയറിപ്പറ്റി. കോതമംഗലത്തെ പള്ളീലാണ് സിസ്റ്റർക്ക് പോകണ്ടത്. ഞങ്ങളപ്പോലെയേ അല്ലാർന്ന് സിസ്റ്റർ. പയ്യെ പയ്യെ പുറത്ത് വരുന്ന നല്ല വടിവൊത്ത കുഞ്ഞു വാക്കുകളുടെ കൂടെ വിടർന്ന ചിരി തരുന്ന പാവം മാലാഖ. ശരിക്കുമൊരു മാലാഖയെ പോലെത്തന്നെ. ക്ഷമയോടെ സംസാരിക്കുന്ന, അതിലും ക്ഷമയോടെ എല്ലാം കേട്ടിരിക്കുന്ന ഇടുക്കിടെ മാലാഖ. ജില്ലകൾ പലതായതോണ്ടും പറയുന്നത് മലയാളായതോണ്ടും
എൻ്റെ കണ്ണൂർ ശൈലിയും, സിസ്റ്ററിൻ്റെ കോട്ടയം വേരുകളിൽ കെട്ടുപിണഞ്ഞു കിടന്ന ചാക്കോച്ചൻ്റെ ചില പഴയ വേരുകളും, ഇടുക്കീടേം എറണാകുളത്തിൻ്റെo മാപ്പും, പോർക്കും, എന്തിന് വേറെ മുത്തപ്പൻ വരെ ഞങ്ങളെ ഇടയിലൂടെ കേറി ഇറങ്ങി പോന്നു.
"കോതമംഗലം...കോതമംഗലം... കോതമംഗലം പള്ളിലെറങ്ങണ്ടവർ വന്നേ.... "
ഇത് കേട്ടപ്പോഴാണ് ഞങ്ങൾ തിരിച്ച് ബസ്സിലേക്ക് വന്നേ...
" അയ്യോ ഇപ്പാ പോകല്ലേ.. കൊറച്ച് കഴിയട്ട്'' എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തോണ്ട് മാത്രം സിസ്റ്ററെ ആ ഫ്രഷ് ചിരി കൊടുത്ത് പറഞ്ഞയച്ചു. അപ്പാപ്പൻ്റെ special recommendation പരിഗണിച്ച് ഇനിയുള്ള പ്രാർത്ഥനേൽ ഞങ്ങൾ രണ്ടു പാവങ്ങളേം കൂടെച്ചേർക്കാമെന്നാണ് സിസ്റ്റർ ഇറങ്ങും മുന്നേ പറഞ്ഞത്. ഇന്ന് സിസ്റ്റർ ലോകം മുഴുവൻ നന്മ വരട്ടെ എന്ന് പ്രാർത്ഥിച്ചപ്പോൾ അതിനിടയിൽ എൻ്റെ പേരും പെട്ടിട്ടുണ്ടാകുമല്ലോ....
പിന്നെ അധികം വൈകാതെ കഥയുടെ ക്ലൈമാകസ്സീൻ ഷൂട്ട് ചെയ്യേണ്ട സ്ഥലമെത്തി.
" കോതമംഗലം ബസ് സ്റ്റാൻ്റ്"...
മര്യാദിക്ക് മരുന്ന് കഴിക്കണമെന്നൊക്കെ പറഞ്ഞ് ഞാൻ അപ്പാപ്പനേം , നല്ലോണം പഠിച്ച് നല്ല ഉദ്യോഗം മേടിക്കണമെന്ന് പറഞ്ഞ് അപ്പാപ്പൻ എന്നേം യാത്രയാക്കും പോലഭിനയിച്ചു. കാരണം പറയാൻ കഥകളും കേൾക്കാൻ കൊതിയും രണ്ടാൾടെ ഉള്ളിലും പിന്നേം ബാക്കിണ്ടാർന്ന്.
ഇനി കാണുമെന്ന് ഒരുറപ്പുമില്ലാതെ ആ കണ്ടുമുട്ടൽ അവസാനിച്ച് ആ മനുഷ്യൻ ഇറങ്ങി പോയി.
ബസ് സ്റ്റാൻ്റിൽ നിന്നിടത്തൂന്ന് അങ്ങോട്ടുമിങ്ങോട്ടും കൊറേ യാത്ര പറച്ചിലുകൾ നടത്തി. പിന്നെ ഞാൻ പതിയെ സീറ്റിലേക്ക് ബാഗൊതുക്കി, അപ്പുറത്തിരുന്നിരുന്ന ഫ്രണ്ട്സിനേ വിളിച്ച് അടുത്തിരുത്തി.എന്നിട്ട് വെറുതേ ഒന്ന് അപ്പാപ്പൻ നിന്നിടത്തേക്ക് നോക്കി. ആളെ കാണാനില്ല. പോയിക്കാണുമെന്ന് കരുതി തലതിരിച്ചതും...
ദേ ബസ്സിൻ്റെ താഴെ വന്ന് നിക്കുന്നു. എന്താ ഏതാന്ന് ചോദിക്കും മുന്നേ
എൻ്റെ കൈയ്യിലേക്ക് രണ്ട് മിഠായി വെച്ച് തന്നു. വേണ്ടാ വേണ്ടാ എന്ന് എത്ര പറഞ്ഞിട്ടും കൈകളിൽ അത് അമർത്തി വച്ച് വീണ്ടും ചിരിച്ചു. കണ്ണിറുക്കി ആ കള്ള ചിരി.
ചിരിക്കണോ കരയണേന്ന് പോലും എനിക്ക് മനസ്സിലായില്ല.
എന്തിനാണ് ഒരു പരിചയവുമില്ലാത്ത എനിക്ക് ആ മനുഷ്യൻ മിഠയി മേടിച്ച് തന്നത്?
ഇത്ര നേരം സംസാരിച്ചത്?
ഇങ്ങനെ unconditional ആയി സ്നേഹിക്കാനെങ്ങനെ ഒരാൾക്ക് കഴിയുന്നു?
ഇനിപ്പോ ഒന്നും മേടിച്ച് തന്നിലേലും എന്നോട് മിണ്ടിയില്ലേലും എന്ത് മാറാനാണ്?
അറിയില്ല.....
ഈ ചോദ്യങ്ങളൊക്കെ ചോദിക്കാൻ വേണ്ടി മാത്രം ഒരിക്കൽക്കൂടെ ഇടുക്കി പോകണം. കട്ടപ്പന ഇറങ്ങി ഞാൻ ചോദിച്ച് ചാേദിച്ച് പോക്കോളാം....
പക്ഷേ പോകും.
പോകണം.'
ഒരു പക്ഷേ എൻ്റെ ജീവിതത്തിലെ predestined ആയ ഒരേയൊരു യാത്ര അതായിരിക്കും ചിലപ്പോ.ആർക്കും കൊടുക്കാതെ എൻ്റെ പ്രിയപ്പെട്ടവയുടെ ഭാണ്ഡത്തിൽ സൂക്ഷിച്ച ആ തേങ്ങാ മിട്ടായി കളിലൊന്ന് ഞാൻ വെറുതെ എടുത്ത് തിന്നു നോക്കി.
ആ അഞ്ച് വയസ്സ്കാരിയുടെ അച്ഛാച്ഛൻ വാങ്ങിക്കൊടുത്തിരുന്ന ജീരക മിഠായിയുടെ അതേ സ്വാദ്. സ്നേഹത്തിൻ്റെ, വാത്സല്യത്തിൻ്റെ, ഇനിയൊരിക്കലും തിരിച്ച്പിടിക്കാൻ കഴിയാത്ത സ്വാദ്. ഉത്സവത്തിന് പോയാൽ എൻ്റെ വാശി'പിടി'യിൽപ്പെട്ട് മേടിച്ചു തന്ന ബലൂൺ പോലെ, വൈകുന്നേരങ്ങളിലെ നടത്തത്തിൽ കൊറിക്കാൻ വാങ്ങിത്തന്ന ചൂട് കടലക്ക പോലെ, മുണ്ടേരി ചിറയിലെ സൂര്യസ്തമനങ്ങൾ പോലെ, ഞാൻ ആർത്തിയോടെ ഒരിക്കൽ രുചിച്ച എൻ്റെ ബാല്യത്തിൻ്റെ സ്വാദ്.
ഇങ്ങനെ ചിലർ കുറുകെ വരുമെന്നും, ഒരു പുഞ്ചിരി തരുമെന്നുമുള്ള പ്രതീക്ഷകളാണ് എൻ്റെ യാത്രകൾ. ഇവരൊക്കെ പറഞ്ഞു തരുന്ന കഥകളിൽ എപ്പോഴേലും നമ്മളും ജീവച്ചിട്ടുണ്ടാകും. അല്ലെങ്കിൽ ജീവിക്കുമായിരിക്കും. നമ്മുടെ പ്രിയപ്പെട്ടവർക്കൊപ്പം..... ആരും എവിടേം പോണില്ലെടോ... എല്ലാരും ഇവിടൊക്കെത്തന്നെയിണ്ട്. സംശയുണ്ടേൽ ചുറ്റും നോക്കീട്ട് പറ........
നന്ദി....
🌼🌼
ReplyDeleteNice
ReplyDelete❤️❤️
ReplyDelete😍😍
ReplyDeletePwli❤️
ReplyDelete❣❣
ReplyDelete🔥🔥
ReplyDelete♥️
ReplyDeleteLove it😍. Well written.
ReplyDeleteBeautifully written the wonderful experience...♥️
ReplyDelete😍 it's the person whom I met wonderful...than my story I guess
Deleteഓരോ വരികളും കണ്ണിനു മുൻപിൽ തെളിഞ്ഞ ചിത്രങ്ങൾ ആയിരുന്ന... ❤️❤️എഴുത്ത് മനോഹരം.. 😊
ReplyDeleteThank you 😊
Deleteവാഗമൺ പോയോ എന്നിട്ട്
ReplyDeleteIlla poyilla...ini eppolelm pokam..anerram Athina patty parayam
Delete