കുടജാദ്രിയിലെ വെയിൽ വഴികൾ വെയിൽ ചുറ്റിലും വെളിച്ചം നിറക്കുന്നു, ചിലപ്പോഴൊക്കെ ഉള്ളിലും... നിങ്ങളാരേലും ഇരട്ടിമധുരം തിന്നിട്ടുണ്ടോ?. പണ്ട് സ്കൂൾ വിട്ടു വരുമ്പോ റോഡ് സൈഡിലൊരു പീടികേന്ന് ഞാനും ശ്രീഷേം അൻസീലേം വാങ്ങിച്ചു തിന്നിട്ടുണ്ട്. ആദ്യായിട്ട്, ഇരട്ടിമധുരം. ഉണങ്ങി ചുളിഞ്ഞ് ചുക്ക് പോലിരിക്കുന്ന ഒരു തണ്ട്. അത് വായിലിട്ടാൽ ആദ്യമൊരു മധുരം വരും. പിന്നെ പതുക്കെ ചവച്ച് ചവച്ച് നിക്കണം. ആ മധുരം ഏതാണ്ടൊന്ന് ഒതുങ്ങി കഴിയുമ്പോ ഇതങ്ങ് ഇറക്കണം. അപ്പോ തൊണ്ടയിലൊരു മധുരം വരും. അതാണ് രണ്ടാമത്തെ മധുരം. അങ്ങനെ ഒരു വട്ടം വായിലിട്ടാൽ ഇരുവട്ടം മധുരം നിറയ്ക്കുന്നയാളാണ് ഇരട്ടിമധുരം. ചില യാത്രകൾ ഇരട്ടി മധുരം പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. യാത്രയ്ക്കായി ഇറങ്ങുമ്പോൾ ഉള്ളിൽ ഇച്ചിരി ചിരീം, ഇച്ചിരി ആധീം, ഇച്ചിരി ഉത്സാഹോം ഒക്കെ കാണും. യാത്രയെ അനുഭവിച്ചറിയുമ്പോ തൊട്ട് അത് ഉള്ളാകെ പരക്കും. എന്നാലത് അപ്പോഴത്തെ പ്ലാനിംഗിലും പരക്കം പാച്ചിലിലുമായി പതിയെ യാത്രയവസാനിക്കുമ്പോഴേക്കും അവസാനിക്കും. പിന്നീട് അതേ ചിരീം സന്തോഷോം തലപൊക്കുന്നത് ഒരു പകലിനപ്പുറം അതിനെക്കുറിച്ച് ആലോചിച്ച് ചുമ്മാ ഒരു പീസ് കേക്ക് തിന്നോണ്ടിരിക്കുമ്പോ...