കുടജാദ്രിയിലെ വെയിൽ വഴികൾ

വെയിൽ ചുറ്റിലും വെളിച്ചം നിറക്കുന്നു, ചിലപ്പോഴൊക്കെ ഉള്ളിലും...
നിങ്ങളാരേലും ഇരട്ടിമധുരം തിന്നിട്ടുണ്ടോ?. പണ്ട് സ്കൂൾ വിട്ടു വരുമ്പോ റോഡ് സൈഡിലൊരു പീടികേന്ന് ഞാനും ശ്രീഷേം അൻസീലേം വാങ്ങിച്ചു തിന്നിട്ടുണ്ട്. ആദ്യായിട്ട്, ഇരട്ടിമധുരം. ഉണങ്ങി ചുളിഞ്ഞ് ചുക്ക് പോലിരിക്കുന്ന ഒരു തണ്ട്.
അത് വായിലിട്ടാൽ ആദ്യമൊരു മധുരം വരും. പിന്നെ പതുക്കെ ചവച്ച് ചവച്ച് നിക്കണം. ആ മധുരം ഏതാണ്ടൊന്ന് ഒതുങ്ങി കഴിയുമ്പോ ഇതങ്ങ് ഇറക്കണം. അപ്പോ തൊണ്ടയിലൊരു മധുരം വരും.
അതാണ് രണ്ടാമത്തെ മധുരം. അങ്ങനെ ഒരു വട്ടം വായിലിട്ടാൽ ഇരുവട്ടം മധുരം നിറയ്ക്കുന്നയാളാണ് ഇരട്ടിമധുരം.


ചില യാത്രകൾ ഇരട്ടി മധുരം പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. യാത്രയ്ക്കായി ഇറങ്ങുമ്പോൾ ഉള്ളിൽ ഇച്ചിരി ചിരീം, ഇച്ചിരി ആധീം, ഇച്ചിരി ഉത്സാഹോം ഒക്കെ കാണും. യാത്രയെ അനുഭവിച്ചറിയുമ്പോ തൊട്ട് അത് ഉള്ളാകെ പരക്കും. എന്നാലത് അപ്പോഴത്തെ പ്ലാനിംഗിലും പരക്കം പാച്ചിലിലുമായി പതിയെ യാത്രയവസാനിക്കുമ്പോഴേക്കും അവസാനിക്കും. പിന്നീട് അതേ ചിരീം സന്തോഷോം തലപൊക്കുന്നത് ഒരു പകലിനപ്പുറം അതിനെക്കുറിച്ച് ആലോചിച്ച് ചുമ്മാ ഒരു പീസ് കേക്ക് തിന്നോണ്ടിരിക്കുമ്പോഴോ, അല്ലേൽ എടുത്ത ഫോട്ടോസ് നോക്കിയിരിക്കുമ്പോഴോ ഒക്കെയായിരിക്കും.

4 മാസങ്ങൾക്ക് മുന്നേ പോയി വന്ന ഈ യാത്രേം അങ്ങനൊരു ഇരട്ടി മധുരമാർന്നു എൻ്റെ മനസ്സിന്. ആ മധുരം എല്ലാർക്കും രുചിച്ചു നോക്കാനായി ഞാനീ പുസ്തകത്തിൽ ചേർക്കുകയാണ്.

അനലിൻ്റെ കൂട്ട്ക്കാരൻ നിഷാന്തിൽ നിന്നായിരുന്നു സത്യത്തിൽ ഈ യാത്ര തുടങ്ങിയത്. " അടുത്താഴ്ച്ച നിഷാന്ത് വരുന്നുണ്ട്. നമുക്ക് കുടജാദ്രി പോയാലോ? അവൻ കൊറേ നാളായി പറയുന്നുണ്ട്. " ഒരു ദിവസം ലൈബ്രറിയിലിരിക്കെ അവൻ പറഞ്ഞു.
"ഞാൻ റെഡി. വേറാരാ ഉള്ളേ"?
"ഗോപീനോട് ചോദിച്ച്, അവള് കാണും. പോയാലോ?"
"ആ, നല്ലിണ്ടാകും. നമ്മൾ കൊറേയായി പ്ലാൻ ചെയ്യ്ന്നയല്ലേ, ബാ പോകാ" എന്ന് ഞാനും.

M. Tech ലൈഫിൻ്റ ഇടമുറിയാത്ത തിരക്കു കാരണം, പോകാനായിറങ്ങുന്ന നേരം വരെ പോകുമോ ഇല്ലയോയെന്ന നല്ല സംശയം ഞങ്ങൾക്കുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് "പോകാമോ" എന്ന ചോദ്യം "പോകാം" എന്ന തീരുമാനത്തിലെത്തിയതും ഞങ്ങൾ നേരെ കുന്താപുര ബസ്സ് കേറി.

ബസ്സ് ഉടുപ്പി എത്തിയപ്പോഴാണ് ഞാൻ ഗോപിയോട് അവിടുത്തെ മസാല ദോശയെപ്പറ്റി പറഞ്ഞു തുടങ്ങിയേ. അപ്പോ എൻ്റെ വയറും മനസ്സും നിലവിളി തുടങ്ങി. പക്ഷേ കുന്താപുരയ്ക്ക് എന്ന് പറഞ്ഞ് കേറിയ ഞങ്ങളെങ്ങനെ പാതി വഴിയ്ക്ക് ഇറങ്ങുമെന്ന നിരാശയിൽ സ്വയം സമാധാനിപ്പിച്ച് ഞാൻ തിരിഞ്ഞൊന്ന് അനലിനെ നോക്കി. എൻറ മുഖത്ത് കൃത്യമായി അതെഴുതി വച്ചിട്ടുണ്ടായിരുന്നു. "എടാ ഈട്ന്ന് മസാല ദോശ തിന്നേന്നു. എനിയിപ്പോ എറങ്ങാനാകുലല്ലാ?"

അവൻ അപ്പോൾ തന്നെ കൈ കൊണ്ട് ഇറങ്ങിക്കോ എന്ന് കാണിച്ചു. സംഭവം അതെന്നെ, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും മസാലദോശ.ഹോസ്റ്റൽ ഭക്ഷണം മനസ്സും വയറും മടുപ്പിച്ച കാലം, ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു... ഉഡുപ്പിയിലെ വളരെ economonical ആയ ഹോട്ടൽ ത്രിവേണിയിൽ നിന്നും ഒരു ചൂടൻ മസാല ദോശയും ഫിൽറ്റർ കാപ്പിയും കഴിച്ചപ്പോ മനസ്സ് നേരെ സ്വർഗത്തിലോട്ട് ഒറ്റ പോക്ക് അങ്ങ് പോയപ്പോലെ തോന്നി..

രാത്രി ഏതാണ്ട് ഏഴു മണിയോടെ മൂകാംബികയിലെത്തി, പിറ്റേന്നത്തെ കുടജാദ്രി പോക്കിനായുള്ള വണ്ടി അന്വേഷിക്കാൻ ഇറങ്ങി. ജീപ്പ് ഒന്നിന് 3200 രൂപ. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. ഇവയ്ക്കു പുറമെ അവർ തന്നെ തട്ടി കൂട്ടിയ കള്ളകണക്ക് എന്ന് ഞങ്ങള്ക് നന്നേ സംശയമുള്ള ഫോറെസ്റ് എൻട്രി ഫീസ് വേറെയും. 4 പേർക് കൂടെ അത്രയും തുക ഇടാനാകുമോ എന്ന സംശയത്തിൽ നിൽക്കവേ വഴി ചോദിച്ച് ഞങ്ങടെ മുന്നിൽ എത്തിയ മൂന്നു മലപ്പുറം "പ്രവാസികൾ"(ഗൾഫിൽ നിന്ന് ലീവിന് വന്നതാ) ഞങ്ങള്ക് വഴികാട്ടികളായി. അങ്ങിനെ പിറ്റേന്നു പുലർച്ചെ 5 മണിക്ക് യാത്ര ഉറപ്പിച്ചു ഞങ്ങൾ ഉറങ്ങാൻ (വർത്താനത്തിന്) പോയി.


വെറും മൂന്നു മണിക്കൂർ മുൻപ് കിടന്നതു കൊണ്ടാകാം ഒട്ടും പ്രയാസമില്ലാതെ ഞങ്ങൾ കൃത്യം പുലർച്ച 5 മണിക് വണ്ടിയിൽ കേറി.
ഇരുട്ട് കാരണം റോഡ് കാണാൻ പറ്റിയില്ലേലും, ശരീരത്തിന് അത് നന്നായി "അനുഭവിക്കാൻ" കഴിഞ്ഞു. തട്ടിയും, മുട്ടിയും, മുക്കിയും, ഇടയ്‌ക്കൊന്നമറിയും, ഏന്തി വലിഞ്ഞും ചിലപ്പോഴൊക്കെ ചാടി മറിഞ്ഞും ഞങ്ങടെ പാതി മലയാളി പാതി കന്നഡിഗ ഡ്രൈവർ ഒന്നര മണിക്കൂറിൽ കുടജാദ്രി ട്രെക്കിങ്ങ് തുടങ്ങുന്ന "മൂകാംബിക മൂലക്ഷേത്ര" ത്തിൽ ഞങ്ങളെ എത്തിച്ചു. അവിടെ നിന്നും അടുത്ത വളവ് തിരിഞ്ഞാണ് മല കയറ്റം തുടങ്ങേണ്ടേതെന്നു ഡ്രൈവർ പറഞ്ഞിരുന്നു. എല്ലാവര്ക്കും അമ്പലത്തിൽ കയറാം എന്നും പുള്ളി പറഞ്ഞു.

ഞാനിപ്പോ അമ്പലവാസം നന്നേ കുറഞ്ഞ അവസ്ഥയിലായത് കാരണം തലേന്ന് രാത്രി മൂകാംബികയിലോ, പിറ്റേന്ന് അവിടെയോ കേറിയില്ല. ചെറുപ്പം തൊട്ടേ അമ്മാമയും അച്ചാച്ചനും വളർത്തിയ അമ്പലവാസി കുഞ്ഞി ആയതുകൊണ്ട്, ആദ്യം പേടി കൊണ്ടും പിന്നീട് തുടങ്ങിയത് എന്തിനെന്ന അറിയാതെ വെറുമൊരു ശീലം കൊണ്ട് മാത്രവും ഞാൻ അതൊരു ചടങ്ങ് പോലനുഷ്ഠിച്ചു പൊന്നു എന്നതാണ് സത്യം. മുണ്ടേരിക്കപ്പുറം ഒരു ലോകവും മനുഷ്യരെയും കണ്ട് തുടങ്ങ്യപോ തൊട്ടു, എന്റെ തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനുള്ള ധൈര്യം വന്നപ്പോ തൊട്ടു, മനഃശാന്തിക് മനുഷ്യനെ പിരിച്ച് കാണുന്ന ദൈവത്തിന്റ അടുത്തല്ലാതെ ഇരിക്കാൻ ഇടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞപോ തൊട്ടു, ഞാൻ ആ ചടങ്ങുകളിൽ നിന്നും ദൂരെ വന്നു തുടങ്ങി. (ഇതിനെ കുറിച്ച എനിക്ക് ഇനിയും പറയാൻ ഒരുപാടുണ്ട്, ഇവിടെ തന്നെ അവ എഴുതുകയും ചെയ്യും പിന്നീട്.). ഇതിനു ചെറുതല്ലാത്തൊരു വഴക്കും ഉണ്ടായി അമ്മയോട്. പിരിയഡ്‌സ് ആയാൽ, "അശുദ്ധി" കാരണം കയറരുതെന്നു പറയുന്ന ദേവിയെയോ ദേവനെയോ, പിന്നീട് "ശുദ്ധി"യിൽ ഇരിക്കുമ്പോൾ കാണാൻ പോകാത്തതിന് എന്നെ വഴക് പറയാൻ അമ്മക്ക് അവകാശമില്ലെന്ന് ഞാനും.
ഇതും പറഞ്ഞ് വഴക് ആയപ്പോൾ ഞാൻ ഒരു സമ്പൂർണ നിരീശ്വരവാദി ആയെന്നെ പൊളിവാദവുമായി അമ്മ നാടകം തുടങ്ങി. സംഭവം വളരെ സിമ്പിൾ ആയിരുന്നു സത്യത്തിൽ.
"എപ്പോഴത്തെയും പോലെ ഒരു ട്രെക്കിങ്ങ് പ്ലാൻ ചെയ്താണ് ഇങ്ങോട്ടു ഞാൻ വന്നത്. അപ്പൊ അത് ചെയ്യുക, മടങ്ങുക, ഞാനൊരു ദൈവത്തെയും കാണാൻ വന്നതല്ല."

പറഞ്ഞു വരുമ്പോ ഞാനും കുടജാദ്രിയും തമ്മിൽ 13 വര്ഷം മുമ്പത്തെ ഒരു സൗഹൃദമുണ്ട്. 6th ൽ പഠിക്കുമ്പോ, മുട്ടോളമുള്ള ഒരു നീല പാവാടയും ഉടുപ്പും ഇട്ട് ഇദ്ദേഹത്തെ കാണാൻ ഞാൻ വന്നിട്ടുണ്ട്. ജീവിതത്തിലെ ആദ്യത്തെ ട്രെക്ക്... ഭൂമിയിലെ ഉയരങ്ങളെ കണ്ണ് നിറയെ കാണാൻ, കണ്ടു പരിചയിച്ച ഉയരങ്ങള്കും മുകളിലേക്കു നടന്നു കയറാൻ കണ്ണു നിറയെ കൗതുകവുമായി ഞാൻ ഓടിക്കയറിയ അതെ മലമുകൾ. അവിടെയെന്താണ് എല്ലാവർക്കുമായി കാത്തിരിക്കുന്നത് എന്നെനിക്ക് മുന്നേകൂട്ടി തന്നെ അറിയാം. എന്നാലത് എനിക്ക് എന്തായി തീരുമെന്നറിയില്ലായിരുന്നു അപ്പൊ.

കുടജാദ്രിയിലൊരു സൂര്യോദയം കാണണമെന്ന ആശായാണ് ഞങ്ങളെ കൊണ്ട് തളർന്നുറങ്ങിയ കണ്ണുകളെ വലിച്ചു തുറക്കാൻ പ്രേരിപ്പിച്ചത്. ആ തീരുമാനം എത്ര നന്നായിരുന്നുവെന്ന് അന്നത്തെ സൂര്യോദയമാണ് എന്നോട് പറഞ്ഞത്...
കടും ചുവന്ന ആകാശത്തിൽ ഇരുട്ട് വിഴുങ്ങിയ ഒരു മലയും, ആ മലയുടെ താഴ്വാരത്തിൽ അതിന്റെ പതിനായിരത്തിലൊന്നു വലുപ്പമുള്ള ഞങ്ങളെന്ന അശുക്കളും. അത്ഭുതം എന്ന മനുഷ്യന്റെ മാത്രം കൈമുതലായ വികാരത്തോട് ചെറുതല്ലാത്ത ഒരു ബഹുമാനമൊക്കെ തോന്നിപോയി.

നടത്തത്തിനിടയിൽ വെറുതെ തോന്നി, എന്താണ് മലകയറ്റങ്ങളെ മനസ്സിനോടിത്രയും അടുപ്പിക്കുന്നതെന്ന്... അത് കൂട്ട് തരുന്ന ധൈര്യമാണ്, ശക്തിയാണ്, ആ ചേർത്ത് നിർത്തൽ തരുന്ന ഒരു പ്രതീക്ഷ കൂടെയാണ്. മുന്നിലും പുറകിലും നിര നിരയായി,ക്ഷമയോടെ, ലക്ഷ്യം നോക്കി നീങ്ങുന്ന കാലുകൾക്കു വഴി തെറ്റാതെ പോരാൻ പരസ്പരം നീളുന്ന കൈകൾ തരുന്ന പ്രതീക്ഷ. കൂട്ടിന്റെ ശക്തി അത്രമേൽ വലുതാണെന്ന തിരിച്ചറിവാണ് വീണ്ടുമോര്യ കാണാ ചുരത്തിന്റെ താഴ്വാരത്തിൽ നാമോരുരത്തരെയും എത്തിക്കുന്നത്.
ഗോപി എന്റെ കൂടെ ബിടെക് തൊട്ട് ഉണ്ട്. അടുത്ത ബെഞ്ചിൽ, ലാബിൽ, എക്സാം ഹാളിൽ പോലും, പക്ഷെ, ഞങ്ങൾ രണ്ടു പേരും കഴിഞ്ഞ 4 കൊല്ലം സംസാരിച്ചതിലുമധികം ആ യാത്രയിൽ ഒന്നിച്ചിരുന്ന കുറച്ച മണിക്കൂറുകളിൽ മാത്രം സംസാരിച്ചു...

നിഷാന്തോ, ആദ്യമായി കണ്ടത് അന്ന് ആണെങ്കിലും, സംസാരം കൊണ്ട്, പിരിയും മുന്നേ ഇനി എന്ന് കാണുമെന്ന് ചോദിയ്ക്കാൻ മാത്രം പരിചയം ഉണ്ടാക്കി വെച്ചാണ് മടങ്ങിയത്.

ഓരോ വർത്തമാനങ്ങളിൽ നിന്നും അടുത്തത് തുടങ്ങാൻ തിടുക്കം കൂട്ടും പോലെയാണ് അന്ന് ഞാനും അനലും ഇനി എങ്ങോട്ടൊക്കെയാണ് പോകണ്ടേയെന്ന് സ്വപ്നം കാണാൻ തുടങ്ങിയത്...

കൂട്ടിന്റെ കൂടെ ചിരിച്ചും, ഫോട്ടോ എടുത്തും നടക്കവേ അങ്ങ് ദൂരെ മലകളെയും, മണ്ണിനെയും പൊന്നു പുതപ്പിച്ചു ഒരു നല്ല സൂര്യോദയവും കണ്ടു. ഒരു നീണ്ട ഇടവേളക്കു ശേഷം, ഈ സൂര്യോദയം എനിക്കത്രമേൽ ആവശ്യമായിരുന്നു. അന്ന് അവിടെ ഉദിച്ചുയർന്ന വെയിൽ വെളിച്ചം നിറച്ചത് ചുറ്റിലും മാത്രമല്ല, എന്റെ ഉള്ളിൽ കൂടെയായിരുന്നു...


നടത്തം ഏതാണ്ട് ഒരു കയറ്റത്തിനടുത് എത്തിയപ്പോൾ, ആ വഴിയിൽ നിന്നും കണ്ണുയർത്തി നോക്കിയപ്പോൾ അല്പം ദൂരെ മുകളിലായി ഒരു കൽ മണ്ഡപം കണ്ടു. അതാണ് സർവജ്ഞ പീഠം. പണ്ട് ശങ്കരാചാര്യർ വന്ന് ധ്യാനിച്ചിടം. എങ്ങനെ ധ്യാനിക്കാതിരിക്കും, കണ്ണുകൾക്കടയാൻ കാരണം ചോദിക്കാനാവാത്തത്ര ശാന്തമായ ഒരിടം. കാറ്റ് പോലും മിണ്ടാതെ വർത്താനം പറയുന്നിടം. അവിടം പോലെ പതിയെ എന്റെ ഉള്ളും തണുക്കുന്നത് ഞാൻ അറിഞ്ഞു. കോളേജിന്റെയോ, ക്യാരീറിന്റെയോ തിരക്കുകൾ മിണ്ടാതെ എന്റെ ഹൃദയം മിടിക്കുന്നു,
കള്ളമില്ലാതെയെന്റെ ഉള്ള് ചിരിക്കുന്നു, പതുകെ അനലിനെയും, നിഷാന്തിനെയും,ഗോപിയെയും നോക്കിയപ്പോ, ദേ അവരും നിക്കുന്നു, ചിരിച്ച, കുളിർന്നു, നിറഞ്ഞ്,...

മണ്ഡപത്തിൽ കുറച്ച നേരം ഇരിക്കവേ കുറച്ച നേരം ഇരിക്കവേ നിഷാന്ത് ഗോപിയോട് ഒരു പാട്ട് പാടാൻ പറഞ്ഞു. ഏതാണെന്നു പറഞ്ഞില്ലേലും, ആ നിമിഷത്തിന് അത്രമേൽ ചേരുമെന്ന് തോന്നിയ പോലെ ഗോപി ഒരു പാട്ട് പാടി തുടങ്ങി...





"ലഗ് ജാ ഗലെ കി ഫിർ യെ
ഹസി രാത് ഹോ നാഹോ...
ശായദ് ഫിർ ഇസ് ജനം മേ,
മുലകത് ഹോ ന ഹോ...

ഹംകൊ മിലെഹേ ആജ് യെ
ഘടിയം നസീബ് സെ,
ജീ ഭർ കെ ദേഖ് ലീജിയെ,
ഹംകൊ കരീബ്‌ സെ,




ഒരുപക്ഷെ, എനിക്കായി ഈ മലമുകൾ കരുതി വെച്ചത് ഇതായിരിക്കാമെന്ന് തോന്നി. അതുവരെയും ഞങ്ങടെ ഇടയിൽ മിണ്ടാതിരുന്ന കാറ്റ് തിരിച്ചിറങ്ങവേ എന്റെ കാതിൽ പറഞ്ഞു,

"ചേർന്നിരിക്കു,
കൈകൾ കോർത്ത്, കഥകൾ പറഞ്ഞ്,
ഈ നിമിഷം, ഈ ചിരികൾ,
ഇനി വരുമോയെന്നറിയില്ല...
തിരക്കിൻറെ തിരകൾക്കും,
കലമ്പുന്ന കടലിനും, കൊടുക്കാതെ വെക്കാം,
ഈ ഇടം, ഇവർ തന്ന നമ്മളിടം..."

ശരിയാണ്, വെയിൽ ചുറ്റിലും വെളിച്ചം നിറക്കുന്നു, ചിലപ്പോഴൊക്കെ ഉള്ളിലും...






Comments

Popular posts from this blog