#chennai_than_kural
നിറങ്ങൾ നിറച്ച ജനാല ഇന്ന് പണികളൊന്നുമില്ലാത്തോണ്ട് ഓഫീസിൽ നിന്ന് നേരത്തെ വന്നു. വരുന്ന വഴിക്ക് ഒരു പൂതി. രണ്ട് ചൂട് സമോസയും ചായയുമായി ഫ്ലാറ്റിന്റെ ടെറസ്സിലോട്ട് വലിഞ്ഞ് കേറിയാലോന്ന്. ദിവസത്തിൽ കൂടി പോയാൽ രണ്ട് ചായ മാത്രം കുടിക്കുന്ന ഞാൻ, സെപ്റ്റംബറിലെ ചുവന്നു തുടുത്ത ആകാശത്തിനെയാസ്വദിക്കാൻ വേണ്ടി മാത്രം ഇന്ന് മൂന്നാമതൊരു ചായയ്ക്ക് മുന്നിൽ വഴങ്ങി കൊടുത്തു. പിന്നെ, ഓഫീസിന്റെ പുറകിലെ കടയിൽ നിന്നും രണ്ടു ചൂടൻ സമോസകൾ വാങ്ങി നേരെ ഫ്ലാറ്റിലോട്ട് ... ഉടുപ്പ് മാറ്റി, മുഖം കഴുകി ... അപ്പുറത്ത് അടുപ്പിൽ ചായപ്പൊടി പാലിൽ കിടന്നു ഉരുണ്ടു കമിഴ്ന്നു വെന്തു വിയർത്തു... ചായ കപ്പിലേക്ക് ഒഴുകി പരന്നു... അളവ് തെറ്റിയത് കൊണ്ട് കപ്പിന്റെ പകുതിക്ക് വച്ച് ആ ഒഴുക്ക് നിലച്ചു... ചുവന്ന പൂക്കൾ എറിച്ച് നിൽക്കുന്ന എന്റെ പ്രിയപ്പെട്ട പ്ലേറ്റിലോട്ട് ചുട്ടു പഴുത്ത സമൂസകൾ തെന്നി വീണു... ആദ്യത്തെ ട്രിപ്പിൽ ചായയും , സമൂസയും , ഫോണും ടെറസ്സിൽ safe land ചെയ്തു. പിന്നാലെ ഹാളിലെ കസേരയും ... ചായയുടെ മധുര കയ്പിനിടയിൽ, വെന്ത് കുഴഞ്ഞ ഉരുളക്കിഴങ്ങ്, ഉള്ളി ജനങ്ങൾ എരിവു പൊതിഞ്ഞ്, മൊരിഞ്ഞ മൈദ പുതപ്പിൽ ഒളിച്ചു കടന്നു... ഒന്ന്.... രണ്ട്...