#chennai_than_kural
നിറങ്ങൾ നിറച്ച ജനാല
ഇന്ന് പണികളൊന്നുമില്ലാത്തോണ്ട് ഓഫീസിൽ നിന്ന് നേരത്തെ വന്നു. വരുന്ന വഴിക്ക് ഒരു പൂതി. രണ്ട് ചൂട് സമോസയും ചായയുമായി ഫ്ലാറ്റിന്റെ ടെറസ്സിലോട്ട് വലിഞ്ഞ് കേറിയാലോന്ന്. ദിവസത്തിൽ കൂടി പോയാൽ രണ്ട് ചായ മാത്രം കുടിക്കുന്ന ഞാൻ, സെപ്റ്റംബറിലെ ചുവന്നു തുടുത്ത ആകാശത്തിനെയാസ്വദിക്കാൻ വേണ്ടി മാത്രം ഇന്ന് മൂന്നാമതൊരു ചായയ്ക്ക് മുന്നിൽ വഴങ്ങി കൊടുത്തു. പിന്നെ, ഓഫീസിന്റെ പുറകിലെ കടയിൽ നിന്നും രണ്ടു ചൂടൻ സമോസകൾ വാങ്ങി നേരെ ഫ്ലാറ്റിലോട്ട് ...
ഉടുപ്പ് മാറ്റി, മുഖം കഴുകി ...
അപ്പുറത്ത് അടുപ്പിൽ ചായപ്പൊടി പാലിൽ കിടന്നു ഉരുണ്ടു കമിഴ്ന്നു വെന്തു വിയർത്തു...
ചായ കപ്പിലേക്ക് ഒഴുകി പരന്നു...
അളവ് തെറ്റിയത് കൊണ്ട് കപ്പിന്റെ പകുതിക്ക് വച്ച് ആ ഒഴുക്ക് നിലച്ചു...
ചുവന്ന പൂക്കൾ എറിച്ച് നിൽക്കുന്ന എന്റെ പ്രിയപ്പെട്ട പ്ലേറ്റിലോട്ട് ചുട്ടു പഴുത്ത സമൂസകൾ തെന്നി വീണു...
ആദ്യത്തെ ട്രിപ്പിൽ ചായയും , സമൂസയും , ഫോണും ടെറസ്സിൽ safe land ചെയ്തു. പിന്നാലെ ഹാളിലെ കസേരയും ...
ചായയുടെ മധുര കയ്പിനിടയിൽ, വെന്ത് കുഴഞ്ഞ ഉരുളക്കിഴങ്ങ്, ഉള്ളി ജനങ്ങൾ എരിവു പൊതിഞ്ഞ്, മൊരിഞ്ഞ മൈദ പുതപ്പിൽ ഒളിച്ചു കടന്നു...
ഒന്ന്....
രണ്ട് .....
മൂന്ന് ....
കടികൾ അവർക്ക് മേൽ നിഷ്കരുണം വീണു.
ഫോണിൽ "എൻ ഇനിയ പൊൻ നിലാവ് ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങി കൊണ്ടിരുന്നു. അപ്പോഴേക്കും വാനിൽ എൻ പ്രിയ നിലാവ് ഉദിച്ചുയർന്നിരുന്നു.
ചുറ്റോട് ചുറ്റും നിലകൾ പത്തും പതിനഞ്ചുമുള്ള കൊമ്പന്മാരുണ്ടെങ്കിലും, അവർക്കാർക്കും തൊടാനാകാത്തത്ര പൊക്കത്തിൽ ചെന്നൈയുടെ ആകാശം എനിക്ക് മുകളിൽ ഇങ്ങനെ നിന്നു.
മഞ്ഞ മേഘങ്ങൾ ഓറഞ്ചായി മാറി....
പതിയെ അവ റോസ് നിറമായി...
പിന്നെ പീച്ച് ആയി...
പിങ്ക് ആയി...
കടും ചുവപ്പ് വരെയെത്തി...
സൂര്യൻ മുത്തി ചുവപ്പിച്ച വാനിന്റെ മേഘ ചുണ്ടുകൾ ...
അപ്പോഴേക്കും എന്റെ playlist ഇളയ രാജയിൽ നിന്നും രാജാമണിയുടെ "താളവട്ട" ത്തിൽ എത്തി. മനസ്സ് കൂട്ടിൽ നിന്നും അക്ഷര വാനം തേടി പുറത്തേക്ക് കുതിച്ച പോലെ തോന്നി.
മനസ്സിലും വേഗത്തിൽ കാലുകൾ താഴേക്ക് ഓടി. അടുത്ത നിമിഷം തന്നെ പേനയും ജേർണലും ടെറസ്സിലെത്തി.
അപ്പോഴേക്കും തന്റെ പ്രാണ നാഥൻ പോയ വേദനയിൽ വാനത്തിന്റെ കവിളുകൾ കനച്ചു തുടങ്ങി. അവളുടെ കണ്ണുകളും ചുണ്ടുകളും ആ വിഷമത്തിന്റെ കാഠിന്യത്തിൽ വിങ്ങിയമർന്നെന്നോണം ഇരുണ്ടുറഞ്ഞു.
എങ്കിലും അവൾക്ക് ചാരെ നിലാവ് മങ്ങാതെ തെളിഞ്ഞു നിന്നു. അവൻ തന്ന നേർത്ത വെളിച്ചത്തിലാണ് ഇപ്പോൾ എന്റെ പേന പേപ്പറിൽ ഒഴുകി നടക്കുന്നത്. ഫ്ലാറ്റിന്റെ ടെറസ്സിൽ കീഴെ വെറുതേ നോക്കിയിരുന്നപ്പോഴാണ് ഇരുണ്ടമരാനൊരുങ്ങുന്ന എന്റെ ചുറ്റിലും വെളിച്ചം നിറഞ്ഞ ചില ജനാലകൾ കണ്ടത്.
അതിലൊന്നിൽ ഒരു വളയിട്ട കൈ മാത്രം കാണാറായി. അത് കൃത്യമായ താളത്തിലും വേഗത്തിലും തൊട്ടു മുന്നിലെ മേശയിൽ വച്ച എന്തോ ഒന്നിൽ നിന്നും മുകളിലേക്ക് ചലിക്കുകയായിരുന്നു. കുറച്ച് നേരം സൂക്ഷിച്ച് നോക്കിയപ്പോളാണ് മനസ്സിലായേ. ആ മേശ നിറയെ നൂലുകളും തുണികളും ഒക്കെയാണ്. മുറിയിലെ മങ്ങിയ മഞ്ഞ വെളിച്ചത്തിലും ആ നിറങ്ങൾ ഒന്ന് മറ്റൊന്നിൽ കലരാതെന്നോണം ഭംഗിയിൽ അവിടെ നിരന്നിരിക്കുന്നു ...
വെള്ള തുണിയിൽ ആ ചേച്ചി തുന്നി ചേർക്കുന്നതെന്തായിരിക്കാം , വെറുതേ ഞാൻ ആലോചിച്ചു... അറിയില്ല ...
പതിയെ ആ ജനാലയിലൂടെ ആ നൂലുകളെല്ലാം വാനിലേക്ക് ഉയർന്നു പൊങ്ങി...
അവ ഒന്ന് മറ്റൊന്നിലേക്ക് ഇഴ ചേർന്ന് വാനത്തൊരു ചിത്രം തുന്നി ചേർത്തു....
ഇരുട്ടിലും തെളിഞ്ഞു നിൽക്കുന്ന നൂറ് നിറങ്ങളുടെ ആഘോഷം ....
Comments
Post a Comment