കഥ പറയും കക്കയവും കഥകൾ പങ്കു വച്ച് ഞങ്ങളും
കക്കയം എന്ന പേര് ആദ്യമായി കേട്ടത് കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിൽ പഠിക്കുന്ന ഒരു യാത്രാ ഹോളിക് (ഈ ആൽക്കഹോളിക് എന്നൊക്കെ പറയാറില്ലേ ഇതും അങ്ങനൊരു ജന്മം.) ചങ്ങാതിയിൽ നിന്നാണ്. സഹ്യന്റെ കോട്ടക്കുള്ളിൽ സുരക്ഷിതമാക്കി വെച്ച കക്കയത്തിന്റെ സൗന്ദര്യവും, വെള്ളാരങ്കല്ലുകളിൽ താളം ചവിട്ടുന്ന കുറ്റ്യാടി പുഴയുമെല്ലാം സ്വപ്നത്തിലെന്ന പോലെ കാതുകളിലേക്കും അവിടുന്ന് നേരേ ചങ്കിലേക്കും തുളച്ച് കയറിയത് അവളുടെ വർണ്ണനകളിലൂടെയാണ്. ഈ യാത്ര ഏറ്റവും പ്രിയപ്പെട്ടാതാകാനും ഏറെ ഓർമ്മിക്കാനും കാരണങ്ങൾ പലതാണ്, അത് കൊണ്ട് തന്നെയാണ് കെട്ടോ ബ്ലോഗിലെ ആദ്യ യാത്രാനുഭവത്തിന് ഈ താഴ്വാരത്തിന്റെ ഗന്ധം നൽകുന്നതും. യാത്രയുടെ വിശേഷങ്ങൾക്കും മുന്നേ ചില പിന്നാമ്പുറ കാഴ്ചകൾ പറഞ്ഞു തരാം.
ഒന്നാം കഥ - കല്യാണക്കോളും കക്കയം പ്ലാനിങ്ങും
കൂടെ പഠിക്കുന്ന കോഴിക്കോട്ടുകാരി മൊഞ്ചത്തീടെ നിക്കാഹിൻറെ ക്ഷണനം കിട്ടിയപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി ഞങ്ങൾ ആറു പേരും (ഞാനും ഇതേ സൂക്കേട്കാരികളായ അഞ്ചു തലകൾ വേറെയും) ഒരേ സ്വരത്തിൽ പറഞ്ഞു "ട്രിപ്പ് പ്ലാൻ ചെയ്യ്"...ക്ലാസ്സിലെ ബാക്കി 60 പേർക്കും അതൊരു കല്യാണ കോൾ ആയിരുന്നു. ഏത് ഡ്രസ്സ് ഇടാം എപ്പോൾ എത്താം എന്നൊക്കെയുളള കൂലംകശമായ ചർച്ചകളിൽ എന്റെ ഗ്രൂപ്പ് ചാറ്റ് വീർത്തു വന്നു. ഞങ്ങളാകട്ടെ എവിടെ പോകാം എങ്ങനെ അതിനുള്ള കാശ് ഉണ്ടാക്കാം എന്നും ആലോചിച്ചു തുടങ്ങി. ഒടുവിൽ ആ ആലോചനകളെല്ലാം ഞങ്ങളുടെ മനസ്സിൽ ഇത്രയും കാലംകൊണ്ട് വളർന്നു വലുതായ ആ പേരിലേക്ക് തന്നെ എത്തിച്ചേർന്നു. പിന്നെ എല്ലാം ആ യൂണിവേഴ്സ് ശരിയാക്കി തന്നു. മുമ്പേ സൂചിപ്പിച്ച ചങ്ങായിയുടെ PG റൂം ഞങ്ങളുടെ മുന്നില്‍ തുറക്കപ്പെട്ടു.
ഒരു പകലിലെ കല്യാണത്തെ പറഞ്ഞു പറഞ്ഞു രണ്ട് പകലും ഒരു രാത്രിയും ആക്കി വീട്ടുകാരുടെ അനുഗ്രഹാശിസ്സുകൾ ( എന്ന് വിശ്വസിക്കാനാണ് ഇഷ്ടം) കോഴിക്കോട്ടേക്ക് വണ്ടികയറി. എല്ലാവരും ഫാൻസി പേഴ്സും കല്യാണ ഔട്ട്ലുക്ക്മായി വന്നപ്പോൾ ഞങ്ങളുടെ ചുമലിലാകട്ടെ ട്രക്കിംഗ് ബാഗും ഷൂസും കൂട്ടത്തിലെ Mട. ഫോട്ടോഗ്രാഫറുടെ ചേട്ടന്റെ ഇഷ്ടദാനമായ DSLR ക്യാമറയും, സ്പീക്കറും, ഷോളും എന്ന് വേണ്ട സാധനജംഗമ വസ്തുക്കളുടെ കൂറ്റൻ ലോഡും. പിന്നെ മനസ്സിൽ വരാനിരിക്കുന്ന കാഴ്ചകളുടെ ഉത്സവമേളവും. കല്യാണത്തിന് ശേഷം കോഴിക്കോട്ടുകാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൂട്ടുകാരൻ "ഗൈഡിന്റെ" നേതൃത്വത്തിൽ കോഴിക്കോട് പട്ടണത്തിലെ റോഡായ റോഡുകളും മാളുകളും തെരുവുകളും എന്തിന് പറയുന്നു NH പോലും ഞങ്ങൾ "നടന്നു" തീർത്തു. അതിഥി സൽക്കാരത്തിലെ കോയിക്കോടൻ പെരുമ ഒന്ന് കൊണ്ട് മാത്രമാണ് കെട്ടോ അവൻ google Maps നോക്കിയിട്ടാണേലും ഞങ്ങളെ "വഴി തെറ്റാതെ"കാത്തത്. ഒടുവിൽ ആ ഊരുചുറ്റൽ അവസാനിക്കുമ്പോൾ അപ്രതീക്ഷിതമായി പെയ്ത മഴയിൽ അടിമുടി നനഞ്ഞ് കോഴിക്കോട് ബീച്ചും സൂര്യാസ്തമനവും ഞങ്ങളും മാത്രം... രാത്രിയിലെ കടൽ കാണാൻ ഒരു പ്രത്യേക രസാണല്ലേ... അതിന്റെ ഓരത്തിരുന്ന് കോയിക്കോടിന്റെ സ്വന്തം ചിരണ്ടി ഐസ് നുണയാനോ അതിലും രസം.
![]() |
| SM സ്ട്രിറ്റിലെ നടത്തത്തിനിടയിൽ കിട്ടിയ ഒരു Real Candid |
പിന്നെ നേരെ വിട്ടത് SM സ്ട്രീറ്റിലേക്കാണ്. കാലമെത്ര കടന്നു പോയിട്ടും മധുരം മായാത്ത മിഠായിതെരുവിൽ നിന്നും അമ്മക്ക് ഹൽവ്വ മേടിച്ചു.അപ്പോഴേക്കും കല്യാണ ഭക്ഷണം വയറ് വിട്ടു പോയിരുന്നു. അത് മനസ്സിലാക്കിയ ഞങ്ങടെ കാലുകൾ നേരെ വച്ച് പിടിച്ചത് റഹ്മത്തിലേക്കാണ്. അവിടുത്തെ രുചിയൂറും ബീഫ് ബിരിയാണി കഴിച്ചു കഴിയുമ്പോളേക്കും സമയം എട്ട് മണി കഴിഞ്ഞിരുന്നു.( എട്ട് മണിക്ക് വീട്ടിൽ കേറണേ എന്നു പറഞ്ഞ പാവം ചങ്ങായിയോട് മാപ്പ്...) പിന്നെ ഒട്ടും വൈകിച്ചില്ല ധൃതിയില്‍ എല്ലാവരോടും ബൈ പറഞ്ഞ് അടുത്ത ബസ്സ് പിടിച്ചു. ജീവിതത്തില്‍ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിച്ച രാത്രി നടത്തങ്ങളിലൊന്നായി അത് മാറുമെന്ന് അന്നു ഓർത്തതേയില്ല...
രാത്രി എട്ടരയോടെ ഇടവഴികൾ ചാടി മറിഞ്ഞു വെസ്റ്റ് ഹില്ലിലേതോ മൂലക്ക് കെട്ടുപിണഞ്ഞു കിടക്കും തെരുവുകളിൽ എവിടെയോ ഒളിച്ചിരിക്കുന്ന വീട് കണ്ടു പിടിച്ചു. ശ്വാസം കൊണ്ട് പോലും അനക്കം ഉണ്ടാക്കാതെ അവളുടെ നിർദ്ദേശം അനുസരിച്ച് ഇളകി വീഴാറായ ആ പഴയ വീടിന്റെ പടികള്‍ ഓരോന്നായി കയറി. അവിടുത്തെ ഓണർക്ക് നിദ്രാഭംഗം ഉണ്ടാകാതിരിക്കാൻ ഞങ്ങളെടുത്ത ഈ കരുതല്‍ കാണുമ്പോൾ എന്തു തോന്നുന്നു??? ആ രാത്രി പെട്ടെന്ന് തീർന്ന പോലെ തോന്നി. കുറേ കാലത്തിനുശേഷം കണ്ടതു കൊണ്ടാകാം ഞങ്ങൾക്കന്ന് പറഞ്ഞുതീർക്കാൻ പറ്റാത്തത്രയും കഥകളുണ്ടായിരുന്നു. ആ ദിവസം തന്ന യാത്രാക്ഷീണം കൊണ്ട് ഞങ്ങളെല്ലാവരും പയ്യെ മുറിയുടെ ഓരോ കോണിലായി ചാഞ്ഞു...
കക്കയത്തേക്കുള്ള ബസ്സ് ഇനിയും കയറിയില്ല്ന്നറിയാം. പക്ഷേ അവിടത്തേക്ക് പോകും മുന്നേ ഈ കഥയും കൂടെ വായിച്ചിരിക്കണമെന്ന് തോന്നി...കാരണം ഏത് കഥയുടെയും ക്ലൈമാക്സ് ആസ്വദ്ക്കണേല് അത് തുടങ്ങിയതെവിടേന്ന് അറിയണ്ടേ....???

അപ്പോ ഇനി കക്കയത്തേക്കൊരു ticket എടുക്കുകയല്ലേ ...
ReplyDeletePinallah
Delete😍
ReplyDeleteEduk angot
ReplyDeleteഊരുെതെണ്ടി🔥
ReplyDelete💞
ReplyDelete👏
ReplyDeleteYathraaaholic 😝
ReplyDeleteI luved the word yatraholic
ReplyDelete😍
ReplyDelete