ബാണാസുരന്റെ കോട്ടയും തേടി... PART 3 - ഇനി തിരിച്ചിറക്കം ട്രക്കിംഗ് അവസാനിക്കുന്നത് ചിറപ്പുല്ല് തടാകത്തിലാണ്. അവിടെ ഇരുന്നാണ് അട്ടകടിയുടെ ക്ഷീണം മാറ്റിയതും, നുറുങ്ങ് വർത്തമാനങ്ങൾ കൊണ്ട് പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയതും. ഒരേ വഴിക്കിറങ്ങുന്നവർ കൂട്ടാകാൻ അവന്റെ മുറിവിൽ തേക്കാൻ ഉപ്പ് കൊടുത്താൽ മതിയെന്ന് മഹാനായ ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അതേ ഇരിപ്പിൽ വച്ചാണ് "യിപി" മലയെന്ന ആത്മാക്കളുറങ്ങുന്ന, ആരേയും കയറ്റാത്ത, ആരാധന മലയുടെ കഥകൾ കേട്ടതും. തിരിച്ചു വരാൻ തോന്നിയില്ല എന്നതു തന്നെയാണ് സത്യം. മടിയോടെ കാലുകൾ എന്റെ മനസ്സിനേം വലിച്ച് താഴേക്കിറങ്ങി. അറ്റമില്ലാതെ പരന്നു കിടക്കുന്ന ആ മലകൾക്കിടയിൽ ഈ 160cm പൊക്കമുള്ള ശരീരം വെറുമൊരു പൊള്ളയായ കുമിള മാത്രമാണെന്ന് തോന്നിപ്പോയി. ഉയരത്തിലെത്താൻ, ഉരുണ്ടു കിടക്കും കല്ലിനെപ്പോലെ ശക്തിമാനെന്ന് സ്വയം ധരിച്ച് വെറുതേ പൊങ്ങിപ്പറക്കാൻ ശ്രമിച്ച് ചെറുകാറ്റിൽ ആടി ഉലഞ്ഞ് "ടപ്പേ" എന്നും പറഞ്ഞ് ചുമ്മാ അങ്ങ് പൊട്ടിത്തെറിച്ച് ഇല്ലാണ്ടാകാൻ ആരോ ഊതി വിട്ട പൊട്ട കുമിള. ഓരോ അടി ഇറങ്ങുമ്പോഴും മനസ്സിൽ പുതിയ പുതിയ പ്രതീക്ഷകൾ ഉയിർത്തെഴുന്നേറ്റ് വരും പോലെ തോ...