ബാണാസുരന്റെ കോട്ടയും തേടി...

 - A heart whelming  travel story of six girls who went for a one day trekking to Banasura hills, Wayanad, Kerala -

PART 1 - അത്ഭുതങ്ങള് തുടങ്ങുന്നു...
         എന്താണ് അത്ഭുതം? എന്തിനെ വിളിക്കണം അത്ഭുതമെന്ന്? ഒരു യാത്ര വെറുമൊരു നേരം പോക്കിനുമപ്പുറം ഒരു അത്ഭുതമാകുന്നതെപ്പോഴാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
കാലുകൾ തിരികെ നടന്നിറങ്ങിയാലും, പിന്നിട്ട വഴികളോരോന്നിലും ഇരുട്ട് മൂടിയാലും ഓർമ്മയുടെ ഒരു ചെറു നാമ്പിൽ തൊട്ടാൽ സ്വപ്നമോ സത്യമോ എന്ന് വേർതിരിക്കാൻ കഴിയാത്തവണ്ണം കണ്ണിൻ മുന്നിൽ വന്ന് നിൽക്കും മായാജാലമല്ലേ ശരിക്കും അത്? ഞാൻ കണ്ട ഏറ്റവും വലിയ മായാജാലം ഏതെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ദാ ഇതാണ്...

            "കോടയിൽ കുളിച്ച ബാണാസുരന്റെ കോട്ടയും തേടി..." ഞങ്ങൾ പോയ ഒരു യാത്രയുണ്ട്. അനിശ്ചിതത്വങ്ങളുടെയും അപ്രതീക്ഷിത അനുഗ്രഹങ്ങളുടെയും വേലിയേറ്റം നടന്ന ഒരു പകലിൽ.
വയനാടൻ ട്രിപ്പ് അതിന്റെ എല്ലാ ആവേശങ്ങളും നിറച്ച് ഉള്ളിൽ കയറി ഇരിപ്പു തുടങ്ങിയ അന്നുതൊട്ട് കരുതുന്നതാണ് 'എന്തായാലും പോകുന്നു എന്നാൽ പിന്നെ ഒട്ടും കുറയ്ക്കണ്ട വയനാടിന്റെ ഉച്ചിയിൽ തന്നെ കയറിയേക്കാം' എന്ന്. സഹ്യന്റെ പ്രിയ പാതിയായ വയനാടിന് അവൻ അത്രമേൽ പ്രിയത്തോടെ സമ്മാനിച്ച കൊടുമുടികൾ കുറേ ഉണ്ട് താനും. ചെമ്പ്ര കൊടുമുടി(2100 m), ബാണാസുര ഹിൽസ് (2073 m), ബ്രഹ്മഗിരി (1600 m ), അങ്ങനെ തലത്തൊട്ടപ്പന്മാർ കുറച്ചുണ്ടേ... അതിൽ ഏറ്റവും ഉയർന്നവനിലായിരുന്നു ആദ്യം ഞങ്ങടെ കണ്ണ്. എന്നാൽ അന്വേഷിച്ച് ചെന്നപ്പോഴല്ലേ അറിഞ്ഞത്. "it's closed". തൽക്ഷണം ബാണാസുരന്റെ കോട്ട ഫ്രീയാണോന്ന് നോക്കി. സംഗതി ചെമ്പ്രയോടു കിടപ്പിടിക്കുന്ന പകിട്ടുണ്ടെങ്കിലും ആള് മറ്റേ "most underrated fellow" ടീമിലാണ്. അപ്പോൾ ആവേശം ഇരട്ടിയായി. ഫോറസ്റ്റ് ഓഫീസിലേക്കുള്ള നിരന്തര വിളികൾ മാത്രമായിരുന്നു എങ്ങനെ അവിടെയെത്തുമെന്ന ചോദ്യത്തിന് ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏക ഉത്തരം.രാവിലെ വെള്ളമുണ്ട, പുളിഞ്ഞാൽ ഫോറസ്റ്റ് ഓഫീസിലെത്തുക, ഒരാൾക്ക് ഫീസ് 324 rs വേണം, കാടിനുള്ളിലൂടെ14 km trek ആണ്, റെഡിയായി വരിക.   


    എന്താകുമെന്നോ എങ്ങനെയാകുമെന്നോ ആലോചിക്കാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ടാകാം (ചില തീരുമാനങ്ങൾ അങ്ങെടുത്തേക്കണം, പിന്നെ ഓർത്തു ചിരിക്കാൻ - കാലം പഠിപ്പിച്ചത് ) ബാഗ് പാക്ക് ചെയ്തതും, ബസ് കയറിയതുമെല്ലാം വേഗത്തിലായിരുന്നു.വയനാടൻ" പര്യവേഷണത്തിന്റെ അവസാന ദിവസത്തെ appointment അവനായി മാറ്റിയും വെച്ചു.രാവിലെ പറ്റാവുന്നത്ര വെള്ളവും ഫുഡും എടുത്ത് മാനന്തവാടിയിൽ നിന്ന് വെള്ളമുണ്ട ബസ്സ് കയറി. അവിടേക്കടുക്കുന്തോറും സ്വപ്നവും യാഥാർത്ഥ്യവും കൂടെകലർന്ന് സന്തോഷത്തിന്റെ(വാക്കുകൾ കിട്ടാൻ ഞാൻ നന്നേ ബുദ്ധിമുട്ടുകയാണ്) അങ്ങേയറ്റത്തായിരുന്നു. കോടമഞ്ഞ് കാറ്റിൽ അവന് ചുറ്റും വട്ടമിട്ടു കളിക്കയാണ്. അവിടുള്ള ഏതു കോണിൽ നിന്നു നോക്കിയാലും തെളിഞ്ഞു കാണും ഒരൊറ്റയാനെപ്പോലെ ബാണാസുര ഹിൽസ്(മലനിരകളാണെങ്കിലും കൂട്ടത്തിൽ വീരൻ അതൊന്നുമാത്രമായിരുന്നു.)              ഒടുവിൽ forest office എത്തി.

        തീരെ തിരക്കൊഴിഞ്ഞ ഒരിടം. ഒരുപാട് സഹയാത്രികരെ പ്രതിക്ഷിച്ച് പോയ ഞങ്ങൾക്ക് കിട്ടിയതോ 15 പുരുഷ കേസരികളുടെ ഒരൊന്നൊന്നര ഹിമാലയൻ ട്രക്കിംഗ് ടീം മാത്രം. അവർക്കാണേലോ സ്വന്തമായി ഗൈഡുണ്ട്, ട്രക്കിംഗ് സ്റ്റിക്ക് , ട്രക്കിംഗ് ബാക്ക് പാക്ക് അങ്ങനെ പലതും. പക്ഷേ ഞങ്ങടെ ടീം അതിലും strong ആയിരുന്നു. മുമ്പേ നിന്ന് വഴി കാട്ടാൻ വിജയേട്ടനും പിറകിൽ നിന്ന് വഴിതെറ്റാതെ കാക്കാൻ ചന്ദ്രേട്ടനുമുണ്ടായിരുന്ന ഞങ്ങൾക്ക്. ചന്ദ്രേട്ടൻ വെട്ടി വെടിപ്പാക്കിത്തന്ന ഊന്നുവടിയായിരുന്നു അന്നത്തെ താരം.

     പറയാൻവിട്ടു പോയി, അന്ന് സംസാരങ്ങൾക്കൊടുവിൽ Officer ഒരു സമ്മതപത്രം മുന്നിലേക്ക് നീട്ടി ഒരു ഒപ്പിട്ടോളാൻ പറഞ്ഞപ്പോ ഒരു നിമിഷം എല്ലാവരും മൗനമായിപ്പോയി. കാരണം അതിന്റെ Content തന്നെ.
" ഈ ട്രക്കിംഗ് കാടിനുള്ളിലൂടെ ആയത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഞങ്ങൾക്കായിരിക്കും" 
എന്ന് , പേര്, ഒപ്പ്.


            നിരനിരെ ആറു ഒപ്പുകൾ വീണു. അതിനു പുറകേ officer ന്റെ ഒരു ചോദ്യം കൂടെ ആയപ്പോൾ ശുഭം.'' എല്ലാരും വീട്ടിലൊക്കെ പറഞ്ഞിട്ടല്ലേ വന്നത്?". പരസ്പരം നോക്കി ചിരിച്ചല്ലാതെ ആരുടെയും ശബ്ദം പുറത്തു വന്നില്ല.
അങ്ങനെ 14 KM നപ്പുറം കാത്തിരിക്കുന്ന ആ വിസ്മയവും തേടി ഞങ്ങളിറങ്ങി... ഒരൊന്നാം ക്ലാസുകാരൻ ക്ലാസിൽ കയറും പോലെയായിരുന്നു ആ തുടക്കം... 

Comments

Post a Comment

Popular posts from this blog