ബാണാസുരന്റെ കോട്ടയും തേടി...
PART 3 - ഇനി തിരിച്ചിറക്കം
ട്രക്കിംഗ് അവസാനിക്കുന്നത് ചിറപ്പുല്ല് തടാകത്തിലാണ്. അവിടെ ഇരുന്നാണ് അട്ടകടിയുടെ ക്ഷീണം മാറ്റിയതും, നുറുങ്ങ് വർത്തമാനങ്ങൾ കൊണ്ട് പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയതും. ഒരേ വഴിക്കിറങ്ങുന്നവർ കൂട്ടാകാൻ അവന്റെ മുറിവിൽ തേക്കാൻ ഉപ്പ് കൊടുത്താൽ മതിയെന്ന് മഹാനായ ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അതേ ഇരിപ്പിൽ വച്ചാണ് "യിപി" മലയെന്ന ആത്മാക്കളുറങ്ങുന്ന, ആരേയും കയറ്റാത്ത, ആരാധന മലയുടെ കഥകൾ കേട്ടതും. തിരിച്ചു വരാൻ തോന്നിയില്ല എന്നതു തന്നെയാണ് സത്യം. മടിയോടെ കാലുകൾ എന്റെ മനസ്സിനേം വലിച്ച് താഴേക്കിറങ്ങി.
അറ്റമില്ലാതെ പരന്നു കിടക്കുന്ന ആ മലകൾക്കിടയിൽ ഈ 160cm പൊക്കമുള്ള ശരീരം വെറുമൊരു പൊള്ളയായ കുമിള മാത്രമാണെന്ന് തോന്നിപ്പോയി. ഉയരത്തിലെത്താൻ, ഉരുണ്ടു കിടക്കും കല്ലിനെപ്പോലെ ശക്തിമാനെന്ന് സ്വയം ധരിച്ച് വെറുതേ പൊങ്ങിപ്പറക്കാൻ ശ്രമിച്ച് ചെറുകാറ്റിൽ ആടി ഉലഞ്ഞ് "ടപ്പേ" എന്നും പറഞ്ഞ് ചുമ്മാ അങ്ങ് പൊട്ടിത്തെറിച്ച് ഇല്ലാണ്ടാകാൻ ആരോ ഊതി വിട്ട പൊട്ട കുമിള.
ഓരോ അടി ഇറങ്ങുമ്പോഴും മനസ്സിൽ പുതിയ പുതിയ പ്രതീക്ഷകൾ ഉയിർത്തെഴുന്നേറ്റ് വരും പോലെ തോന്നി.
![]() |
കുന്നിന് മോളിലെ കോടയ്ക്ക് അമ്മേടെ |
ഇതാണെനിക്ക് പറയാനുള്ള നന്ദി വാചകം:
"ഇതു വെറുമൊരു തുടക്കം
മാത്രമെന്നോതി എന്റെ
പിന്നിൽ മാർഗ്ഗദർശിയാമെൻ
പിതാമഹനെന്നോണം
ഉയർന്നു നിന്ന നിനക്ക് നന്ദി."
തിരിച്ച് വരാൻ നേരം എന്റെ മൂന്നു ഉഗ്രൻ വീഴ്ചകളുണ്ടായിരുന്നു.
ഒന്നാം വീഴ്ച :
കുന്നിറക്കത്തിലെവിടെയോ വച്ച് പുതുതായി കണ്ട ചങ്ങാതീടെ ട്രാവൽ ഡയറീസിനൊപ്പം പിടിച്ച് നിൽക്കാൻ നടത്തിയ " തള്ളൽ" ശ്രമത്തിനിടയിൽ ആയിരുന്നു അത് സംഭവിച്ചത്. ആദ്യം ഇരുന്ന്, പിന്നെ മെല്ലെ കമിഴ്ന്ന്, കുനിഞ്ഞ്... നല്ല അസ്സൽ ഒരു വീഴ്ച.കണ്ടവർ പറഞ്ഞത് ഒരു കറുത്ത പാറക്കല്ല് പതിയെ ഉരുണ്ട് ഇറങ്ങും പോലെ തോന്നിയെന്നാണ് (അത്രക്ക് സുന്ദരി ആണോ ഞാൻ?). ഇന്നും ഇവർക്കീ വീഴ്ച അനുകരിക്കാതെ വൈകുന്നേരങ്ങൾ മുഴുപ്പിക്കാനാവുന്നില്ല എന്നതാണ് ഏറെ വ്യസനകരം.
രണ്ടാം വീഴ്ച:
തെല്ലൊരഭിമാനത്തോടെയാണ് ഇതോർക്കുന്നത്. എവിടെപ്പോയാലും ആ യാത്രയുടെ ഓർമ്മകൾ ഒളിച്ചുവെക്കാൻ പാകത്തിൽ എന്തെങ്കിലും അവിടന്ന് എടുക്കുന്ന എന്റെ സ്വഭാവം ആണ് ഇതിനു പിന്നിലെ കാരണ ഹേതു. എന്റെ സമ്പാദ്യം, എന്റെ ജീവിതം, എന്റെ യുവത്വം എന്നും പറഞ്ഞ് കരുതി വെക്കാനായി പെറുക്കി വെക്കുന്ന കല്പക തുണ്ടുകളാണവ...
അങ്ങനെ തിരിച്ചു വരും വഴി കണ്ണിലുടക്കിയ വെള്ളാരം കല്ല് പെറുക്കാനായി ഒരു അരുവിയിലേക്കിറങ്ങിയതാണ്... അത്രേ ഓർമ്മയുള്ളൂ. പിന്നെ ഡ്രസ്സിലെ വെള്ളം തുടച്ച് നടന്നു. എവിടൊക്കൊ ഒരു ചെറിയ വേദന പോലെ...
മൂന്നാം വീഴ്ച:
അവസാനത്തേതും അടിമുടി വിറപ്പിച്ചതുമായ കിടിലൻ വീഴ്ചയായിരുന്നു അത്. വഴിയിൽ വച്ച് ബാണാസുരയിലെ മീൻമുട്ടി വെള്ളച്ചാട്ടം കാണാനായിറങ്ങിയതാണ്. ഇടവഴികളിലെവിടെയോ വച്ച് ആരുടെയോ "വേരുകളിൽ" തട്ടി കാലിടറി (അധികമാരും ഇന്ന് ശ്രദ്ധിക്കാതെ പോകുന്ന സാധനമായത് കൊണ്ടാകാം ഞാനും അത്ര ഗൗനിച്ചിരുന്നില്ലെന്നതാണ് വാസ്തവം).
ഇതിൽ നിന്നും എന്ത് മനസിലാക്കാം... ആകാശോം കാഴ്ചകളും ഒക്കെ നല്ലതു തന്നെ. എന്നാൽ കാലുറപ്പിച്ചു നിൽക്കുന്ന ഭൂമിയേയും അതിൽ ആഴത്തിലറങ്ങിയ തന്റെ വേരുകളെയും നോക്കി നടന്നാലേ ഇതിനൊക്കെ ആയുസ്സുണ്ടാകൂ... അല്ലേൽ ശുഭം.
യാത്ര അവസാനിച്ചിട്ടില്ല. ഇതെഴുതി തീർന്നപ്പോൾ ഞാൻ ഒന്നു കൂടെ ആ വഴികൾ കണ്ടു. ശബ്ദങ്ങൾ കേട്ടു. തണുപ്പ് അനുഭവിച്ചു. ആ നനുത്ത മണ്ണിൽ കാലമർത്തി നിന്നു...

Thank you guuuys for traveling with me. Let's meet again above another peak ...
ReplyDelete❤️
ReplyDelete😍😍
ReplyDeleteEnnalum ath vellathoru veezhchayenum��
ReplyDeleteThengs 😒😵
Delete❤️��
ReplyDelete