ഞാൻ കണ്ട കാമഖ്യാവ്
"Kamakhya - Story of a less spoken temple in Guwahati"
നമ്മളെല്ലാരും കൂടെ ഒരു യാത്ര പോകുന്നുവെന്ന് സങ്കൽപ്പിക്കുക.(ഇപ്പഴല്ല, കൊറോണ ഒക്കെ കഴിഞ്ഞിട്ട്) ഒരേ വഴിയിലൂടെ, ഒരേ വാഹനത്തിൽ, ഒരേ സ്ഥലത്തേക്കാണ് യാത്ര. തിരികെ വന്നിട്ട് എല്ലാരോടും ആ യാത്രയുടെ അനുഭവം എഴുതാൻ /പറയാൻ പറഞ്ഞൂന്നും വിചാരിക്കുക. അപ്പോൾ നമ്മൾ പറയുന്ന കഥകൾ എത്ര വ്യത്യസ്തമായിരിക്കുംന്ന് ഇപ്പോൾ ഊഹിക്കാൻ പറ്റുവോ?. ചിലർ അവിടെ കണ്ട പുറം കാഴ്ച്ചകളെ പറ്റി പറയുമായിരിക്കും. മറ്റു ചിലരുണ്ട്. അവർ കാഴച്ചകളിൽ ഒളിഞ്ഞിരിക്കുന്ന ഉൾക്കാഴ്ചകൾ തേടി പോകും. ഇതിന് ഒരൊറ്റ കാരണമേ ഉള്ളൂ. അത് നമ്മള്ടെ perspective അഥവാ കാഴ്ചപ്പാടിലെ വ്യത്യസ്തതയാണ്. ഒരേ യാത്രയായിട്ടു കൂടി ചിലർ മാത്രം അത് "അനുഭവി"ക്കുന്നത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ പിടി കിട്ടിയില്ലേ.?
ഇനി പറയാൻ പോകുന്ന കഥ ഞാൻ കണ്ട കാഴ്ചയെക്കുറിച്ചല്ല, അതിൽ ഞാൻ തേടി നടന്ന ഉൾക്കാഴ്ചകളെക്കുറിച്ചാണ്.
എന്നാൽ പിന്നെ നേരെ കഥയിലേക്ക് കടക്കാം....
കഴിഞ്ഞ കൊല്ലം, ഏതാണ്ടിതേ പോലൊരു മൺസൂൺ കാലത്ത് എനിക്കൊരു നാട് കാണാനുള്ള ടിക്കറ്റ് കിട്ടി. ഇന്ത്യയുടെ കിഴക്കേ കോണിലെ ഒരാലയത്തിലേക്ക്. മേഘങ്ങളുടെ ആലയത്തിലേക്ക്.
ഇത്തവണ കൂടെ ഉണ്ടായിരുന്നത് സ്ഥിരം കക്ഷികളായിരുന്നില്ല. പ്രായം പലതരത്തിലുള്ള, എന്നാൽ പ്രാന്ത് ഒന്നേ ഒന്നുള്ള ( യാത്ര) ഒരു കൂട്ടം. "അപ്പൂപ്പൻതാടി". പേര് പോലെ തന്നെ അപ്പൂപ്പൻതാടിയായി ഉയരെ മാത്രം പറക്കാൻ കൊതിക്കുന്ന യാത്രാമോഹികളായ പെണ്ണുങ്ങളുടെ ഒരു കുഞ്ഞി കൂട്ടം.
യാത്ര നല്ല രസായിരുന്ന്ട്ടാ... പശ്ചിമഘട്ടത്തെയും പൂർവ്വ ഘട്ടത്തെയും ഘട്ടം ഘട്ടമായി മറികടന്ന് ഉയർന്നു പൊങ്ങി ഒരു അഞ്ച് മണിക്കൂറത്തെ പറക്കലായിരുന്നു. ആകാശവും മേഘങ്ങളും അന്നുമിന്നും ഒരത്ഭുതമായതോണ്ട് കണ്ണു ചിമ്മാൻ ഞാൻ എന്നെ അനുവദിച്ചതേയില്ല. ഉയർന്നു പൊങ്ങിയ വിമാനം താണിറങ്ങിയപ്പോൾ കണ്ടത് ഖാരോ മലകൾക്ക് കീഴെ ബ്രഹ്മപുത്ര താഴ്വാരത്തിന് ചാരെ കിടക്കുന്ന അസാമിനെയാണ്. കിഴക്കേന്ത്യൻ സംസ്ഥാനങ്ങളിലേറ്റവും വലുത്. നമ്മടെ ഭാഷേൽ പറഞ്ഞാൽ ഏഴ് പെങ്ങമ്മാരിൽ മൂത്തോൾ. ഇവളെ കണ്ടു കഴിഞ്ഞേ എല്ലാരും ഇളയതു ങ്ങള്ടെ അടുത്തേക്ക് പോകൂ. അതു കൊണ്ടാണ് ഞങ്ങളും അവളെ തന്നെ ആദ്യം കണ്ട് കളയാമെന്ന് തീരുമാനിച്ചത്. അങ്ങനെ ഞങ്ങൾ ലോക്പ്രിയ ഗോപിനാഥ് ബോർദോളോയ് എയർപോർട്ടിലിറങ്ങി, നേരെ മുന്നിലുള്ള ഗുവാഹത്തി എയർപോർട്ടിൻ്റെ തന്നെ സ്വന്തം ഫുഡ് കോർട്ടും നോക്കി നിന്നു. അവിടുത്തെ "കഴുത്തറപ്പൻ" ഭക്ഷിക്കലിനു ശേഷം നേരെ വിട്ടത് കാമഖ്യാവിലേക്കായിരുന്നു.
അസാമീസ് മാത്രമറിയുന്ന ഡ്രൈവർ ഭയ്യയോട് പാതിവെന്ത ഹിന്ദിയിൽ നടത്തിയ സംസാരത്തിൽ നിന്നുമാണ് ഈ ക്ഷേത്രം ഇന്ത്യയിലെ മറ്റു (പ്രത്യേകിച്ച് "ദി കേരളത്തിലെ ") ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നതെങ്ങനേന്ന് മനസ്സിലായത്. "bleeding goddess" (രക്തം പൊഴിക്കുന്ന ദേവി) എന്നാണ് കാമഖ്യാവ് ദേവി അറിയപ്പെടുന്നത്. ആരാധനാ സ്വാതന്ത്ര്യത്തെ ലിംഗഭേദത്തിൻ്റെ ചുവപ്പ് നാടയിൽ കെട്ടിയിടാത്ത ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ താന്ത്രിക ക്ഷേത്രം. അപ്പോഴാ ഓർത്തേ, നാട്ടിലായിരുന്നേൽ കാണാർന്നു, "അശുദ്ധി" എന്ന മൂന്നക്ഷരത്തിൽ വിശ്വാസവും പ്രാർത്ഥനയും എല്ലാം അടങ്ങി ഒതുങ്ങിയിരിക്കുന്നത്.
![]() |
| Kamakhya temple in 180⁰ |
ആർത്തവമുള്ള പെണ്ണിൻ്റെ കാലിനടയിൽ പെട്ടാൽ ഒലിച്ച് പോകുന്ന ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്ന തേവിയേം തേവരെം തൊഴുത് ശീലിക്കേണ്ടി വന്ന എനിക്ക് കാമഖ്യാവ് ഒരു അത്ഭുതം പോലെ തോന്നി തുടങ്ങി. ഡ്രൈവർ
ഭയ്യ പറഞ്ഞ് നിർത്തിയേടത്ത് നിന്ന് ഗൂഗിൾ ഭയ്യ പറഞ്ഞു തുടങ്ങി.
നിലാചൽ മലമുകളിൽ സതിയും ശിവനും അവരുടെ പ്രണയവും കാമവും ആഘോഷിച്ചിരുന്ന ഒരിടം. അങ്ങനെ കിട്ടിയതാണ് ഈ കാമഖ്യാവ് എന്ന പേരെന്ന് ചിലർ പറയുമ്പോൾ മറ്റു ചിലർ പറയുന്നത് കാമദേവൻ തൻ്റെ നഷ്ടപ്പെട്ട ലൈംഗീക ശക്തി വീണ്ടെടുക്കാനായി സതീദേവിയെ പൂജിച്ച ഇടമായതു കൊണ്ടാണെന്നാണ്. എല്ലാം കഥകളല്ലേ, ആർക്കാ എന്താ പറയാൻ പറ്റാത്തെ?. ഇത്തരം കഥകൾക്കിടയിൽ കാര്യം സൂക്ഷിക്കുന്ന ചിലതുമുണ്ട്ട്ടാ.
കഥ കേട്ടും പറഞ്ഞും ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് വണ്ടി കേറി തുടങ്ങി. ഏതാണ്ട് ഒരു 800 അടി ഉയരത്തിലേക്ക് കുത്തനെയുള്ള വളവുകൾ തെളിക്കുന്ന വഴിയേയുള്ള പോക്കായിരുന്നു. അക്വേഷ്യകൾ തീരുമ്പോൾ ആൽമരങ്ങളും അത് തീരുമ്പോ വീണ്ടും അക്വേഷ്യകളും അതിൽ നിറയെ കുരങ്ങമ്മാരും. മുന്നോട്ടും പിന്നോട്ടുമായി ഏന്തിയും വലിഞ്ഞും ഒടുവിൽ മുകളിലെത്തി. മഴക്കോള് കൊണ്ടോ എന്തോ തണുത്ത കാറ്റ് മേല് തുളച്ചു കയറിക്കൊണ്ടിരുന്നു. ഇനി അറ്റം കാണാത്ത പടികൾ കയറണം. ആരും പെട്ടെന്ന് എത്തിപ്പെടാത്ത ഇത്രയും ശാന്തവും പ്രണയാർദ്രവുമായ സ്ഥലം തിരഞ്ഞെടുത്ത ശിവനെയും സതിയെയും ( സത്യത്തിൽ കഥ ഉണ്ടാക്കിയയാളെ) സമ്മതിച്ചിരിക്കുന്നു. പക്ഷേ ഇപ്പോൾ ഇവിടെ ഇല്ലാത്തതും അത് രണ്ടുമാണ്. പടി കയറുന്തോറും ചുറ്റിലും ബഹളവും, ചുവപ്പു നിറവും കൂടിക്കൊണ്ടിരുന്നു. "ചുനിയാ" എന്നറിയപ്പെടുന്ന ചുവപ്പ് നിറമുള്ള, മഞ്ഞ അലുക്കുകൾ പിടിപ്പിച്ച, അസാമീസിൽ മന്ത്രങ്ങൾ എഴുതിയ പട്ടാണ് അവിടുത്തെ പ്രധാന കച്ചവടം. പിന്നെ രുദ്രാക്ഷവും. ഇവയ്ക്ക് പുറമേ സ്ഥിരം "അമ്പല നേദ്യ" ഐറ്റംസ് വേറെയും. പോയ വഴികളുടെ ഓർമ്മ സൂക്ഷിക്കുന്ന എൻ്റെ അപൂർവ്വ രോഗം കാരണം ഞാനും മേടിച്ച് കൈയ്യില് കെട്ടി ഒരു ചുവന്ന "ചുനിയാ"...
![]() |
| "ഗർഭഗൃഹ" എന്നറിയപ്പെടുന്ന ക്ഷേത്ര മുൻവശം |
നേരത്തെ നിർത്തിയ ശിവ- സതീ പ്രണയ കഥയിലെ വിരഹത്തിൻ്റെ ബാക്കിയായാണ് ഇവിടെ ഇങ്ങനെ ഒരു ആചാരമുണ്ടായത്. സതിയുടെ മരണ ശേഷം ക്രുധനായ ശിവൻ അവളുടെ ജഡം കൈകളിലേന്തി താണ്ഡവനൃത്തം ചവിട്ടിയപ്പോൾ 108 കഷ്ണങ്ങളായി ചിതറി തെറിച്ച ശരീരഭാഗങ്ങളിൽ യോനിയും, ഗർഭപാത്രവും വന്നു വീണിടമാണിവിടം.
വലിയ ചിന്തകൾക്കിടേൽ ഒരു ചെറിയ ചോദ്യം അപ്പോൾ എൻ്റെ തലയിലുദിച്ചു.
"സതി മരിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോ അവര്ടെ കല്യാണം ഇവിട്ന്നായിരിക്കുവോ നടക്കുക?" ആ കല്യാണക്കഥ അറിഞ്ഞില്ലേലും ഞങ്ങൾ അവിടുന്ന് വെറൊരു കല്യാണം കണ്ടു. ഒരു ഭംഗിയുള്ള അസാമീസ് കല്യാണം.
ഇവരാണ് കല്ല്യാണപ്പെണ്ണും ചെക്കനും
കല്യാണവും കഴിഞ്ഞു. കൂടെ ഞങ്ങട ചുറ്റലും.
തിരിച്ചിറങ്ങും വഴി മറ്റൊരു കഥ കൂടെ കേട്ടു. ഇവിടെ വർഷത്തിലൊരിക്കൽ നടക്കാറുള്ള അംബുഭക്ഷി മേളയെപ്പറ്റിയായിരുന്നു അത്. എല്ലാ കൊല്ലവും ജൂൺ മാസത്തിലെ സതിയുടെ ആർത്തവ ദിനങ്ങളിലാണ് ഈ മേള നടക്കാറ്. ആ മൂന്നു ദിവസങ്ങളിൽ ബ്രഹ്മപുത്ര യിലൊഴുകുന്നത് ഈ ആർത്തവ രക്തമാണെന്ന് വിശ്വാസം. ആ നാളിൽ ക്ഷേത്രത്തിൽ ആർക്കും പ്രവേശനവുമില്ല. സതിയെ പരിപാലിക്കാനാണിങ്ങനൊരു നിയന്ത്രണമെന്നാണ് ഇവർ പറയുന്നത്. പരിപാലനത്തിൻ്റെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവളാണോ സ്ത്രീ എന്ന ചോദ്യമാണ് അത് കേട്ടപാടെ എൻ്റെയുള്ളിൽ ഉയർന്നത്.
ഇനി എന്തൊക്കെ പറഞ്ഞാലും ഇവിടം എനിക്കൊരു കഥയാണ്. ഞാൻ കണ്ടറിഞ്ഞ ഈ കഥ ഇന്നും എന്നെയേറെ ചിന്തിപ്പിക്കുന്നുമുണ്ട്.
കാമഖ്യാവ് ദേവിയായ "ശക്തി" യുടെ യോനിയിലെ രക്തമാണ് ബ്രഹ്മപുത്ര എന്നു പറയുന്നതും
ശബരിമലയിലെ അയ്യപ്പൻ്റെ ബ്രഹ്മചര്യം പെണ്ണിനെ കണ്ടാൽ നഷ്ടമാകും എന്ന് പറയുന്നതും, കഥകളാണ്. കഥകൾ കഥകളായി കേൾക്കുകയും പറയുകയും ചെയ്യപ്പെടേണ്ടവ മാത്രമാണ്.
അതിൻ്റെ പരിണാമഘട്ടത്തിലെവിടെയെങ്കിലും വച്ച് അതുണ്ടാക്കിയ മനുഷ്യൻ്റെ തന്നെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് അവ വളരുന്നുവെങ്കിൽ അത് തടയണം. ചോദ്യം ചെയ്യപ്പെടണം. ഞാനൊരു ഫുൾ ടൈം ഈശ്വര വിശ്വാസിയൊന്നുമല്ല. പക്ഷേ മനുഷ്യൻ്റെ ഏത് സ്വാതന്ത്ര്യത്തെയും വലയ്ക്കുന്ന വിശ്വാസങ്ങളോട് എനിക്ക് അറപ്പാണ്, വെറുപ്പാണ്.
കാമഖ്യാവിൽ ഞാൻ കണ്ടതും അറിഞ്ഞതും നിരുപദ്രവകരമായ, അതേ സമയം കരുത്തേകുന്നതുമായ ഉറപ്പുള്ള കല്ലുകൾ പാകിയ വഴിയായിരുന്നു. ആ വഴി നടക്കാൻ എളുപ്പവുമായിരുന്നു.
അവിടെ കണ്ട വെളിച്ചത്തിൽ നിന്നു കൊണ്ട് പറയട്ടെ,
"യാത്ര ചിത്രങ്ങൾക്കുമപ്പുറം ചിന്തനങ്ങൾ കൂടെ സൃഷ്ടിക്കാറുണ്ട്. ഉള്ളിൽ അവസാനമില്ലത്ത യാത്രയിലേർപ്പെട്ടിരിക്കുന് നവർക്കു വേണ്ടി മാത്രം. അതുകൊണ്ട് ചൊല്ലി പഠിച്ച പാഠങ്ങളത്രയും ശരിയാണോയെന്ന് തീരുമാനിക്കും മുന്നേ നമുക്ക് ചുറ്റുമുള്ള വലിയ ലോകത്തിലേക്കൊന്ന് പോയി വരിക.
സ്വയം പഠിക്കുക.
തെറ്റി പഠിച്ച പാഠങ്ങൾ തിരുത്തക."


🌼🌼
ReplyDelete❤️
ReplyDelete👏👏👏👏👏👏
ReplyDelete💯💯
ReplyDeleteGood one👏
ReplyDelete❤❤
ReplyDelete👌👌👌
ReplyDeleteOo my dear ooruthendii
ReplyDelete🔥 🔥
ReplyDelete🔥
ReplyDeleteമനോഹരമായി എഴുതിയിരിക്കുന്നു. തുടർന്നും എഴുതുക. ഇങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ചു ആദ്യമായാണ് കേൾക്കുന്നത്. അത്ഭുതം തന്നെ.
ReplyDeleteThank you so much. Veendum pokan sramikam. Katha kelkan ippo orale koode kittiyallo😂🥰😍
Delete