ഒരു തൂപ്പുകാരിയുടെ വനിതാ ദിനം
ഏവർക്കും എൻ്റെ വനിതാദിനാശംസകൾ.
ഞാനൊരു തൂപ്പുകാരിയാണ്.
ഈ നാട്ടിലെ പേരു കേട്ട ഒരു കമ്പനിയുടെ നാലു പടു കൂറ്റൻ കെട്ടിടങ്ങളിലൊന്നിൻ്റെ അഞ്ചാം നിലയെ ഇക്കഴിഞ്ഞ പത്ത് വർഷത്തിലധികമായി വൃത്തിയിൽ സൂക്ഷിച്ചു പോരുന്നവൾ.
എങ്കിലും എന്നെ നിങ്ങൾക്ക് പരിചയം കാണില്ല എന്നെനിക്ക് ഉറപ്പാണ്.
കാരണം ഞാൻ നിങ്ങളുടെ നോട്ടത്തിൻ്റെ നിരപ്പിൽ നിന്നും വളരെയേറെ താഴെയായാണ് ജീവിച്ചു പോരുന്നത്.
കൃത്യമായി പറഞ്ഞാൽ നിങ്ങൾ ചവിട്ടി ചളി പുരട്ടി നടക്കുന്ന ഈ തറയിൽ ആണെൻ്റെ സ്ഥാനം.
എങ്കിലും പണ്ടൊക്കെ ഞാൻ കൊതിക്കാറുണ്ടായിരുന്നു, ഏതെങ്കിലും ഒരു വനിതാ ദിനത്തിൽ ഈ കെട്ടിടങ്ങളിലെല്ലാം കസേരകളിലിരിക്കുന്ന വനിതകളിലാരെങ്കിലും എന്നെയും കണ്ടിരുന്നെങ്കിൽ എന്ന് ...
കുറഞ്ഞ പക്ഷം ഇന്നെങ്കിലും "നിങ്ങൾ തറയിൽ ഇരിക്കാതെ ഈ ബെഞ്ചിൽ ഇരിക്കു", എന്ന് പറഞ്ഞിരുന്നെങ്കിൽ എന്നൊക്കെ.
ഇന്ന് ഞാനിവിടെ ജോലിക്കു കയറിയിട്ട് പതിനാലാമത്തെ വനിതാ ദിനമാണ്.
എല്ലാ വനിതകളും ബാത്ത്റൂമിൽ വന്ന് സാരി മാറ്റി ഉടുത്തും, തമാശകൾ പറഞ്ഞ് ചിരിച്ചും, ഫോട്ടോ എടുത്തും പോകുന്നുണ്ട്.
എന്നെ ഇന്നും അവർക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
കാരണം ഞാനിന്നും ഇരുന്നത് അതേ തറയിൽ അവരുടെ നോട്ടത്തിൻ്റെ നിരപ്പിലും വളരെ താഴെയായിട്ടായിരുന്നു.
ഒരിക്കലും ആ നിരപ്പിൽ ഞാൻ കയറി വരില്ലെന്ന് എനിക്കിപ്പോൾ അറിയാം....
അവരിലാരെങ്കിലും സ്വന്തം നോട്ടം വലുതാക്കുന്നത് വരെ...
ഏവർക്കും ഒരിക്കൽ കൂടി എൻ്റെ വനിതാദിനാംശംസകൾ....
Comments
Post a Comment